“ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്തിയത് ജനങ്ങള്‍ മാളുകളില്‍ പോകുന്നത് തടയാന്‍”

0
174

തൃശ്ശൂര്‍: ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടി ചുമത്തിയ സംഭവത്തിൽ സംസ്ഥാന ധനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് കെ. ഗോപാലകൃഷ്ണൻ. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഒരു നിലപാടും പുറത്തുവരുമ്പോൾ മറ്റൊരു നിലപാടും എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. “സാധാരണ കച്ചവടക്കാരെ ഉപേക്ഷിച്ച് വലിയ മാളുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിൽ നിന്നും ആളുകളെ തടയാനുള്ള ഒരേയൊരു മാർഗമാണിത്” അദ്ദേഹം കൂട്ടിച്ചേർത്തു.

പറയേണ്ട കാര്യം ജി.എസ്സ്.ടി കൗണ്‍സിലില്‍ പറയണം. പുറത്തുവന്ന് കയ്യടി മേടിക്കാന്‍ മേനി പറയുമ്പോള്‍ പണ്ടത്തെ കാലമല്ലെന്നും ഓര്‍ക്കണം. ടാക്‌സ് കിട്ടുന്നത് മുഴുവന്‍ വരട്ടെ എന്ന് ചിന്തിച്ച് അവിടെ മിണ്ടിയില്ല. പണം മുഴുവനും കേരളത്തിനും തെറി മുഴുവനും കേന്ദ്രത്തിനും, ഇതാണ് മന്ത്രി ബാലഗോപാലിന്റെ കൗശലം. ജിഎസ്ടി കൗണ്‍സിലില്‍ ആരും എതിര്‍ത്തില്ലെന്ന കാര്യം കേന്ദ്ര ധനമന്ത്രി ചൂണ്ടി കാണിച്ചപ്പോള്‍ മന്ത്രി ബാലഗോപാലിന് മിണ്ടാട്ടം മുട്ടിയെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് ഉണ്ടാകുമെന്ന ഉത്കണ്ഠ അടിസ്ഥാനരഹിതമാണ്. ചില്ലറവില്‍പന നടത്തുന്ന സാധാരണ കച്ചവടക്കാരെ കുത്തുപാളയെടുപ്പിച്ച് വലിയ മാളുകളിലേക്കുള്ള പരക്കംപാച്ചില്‍ തടയാന്‍ ഇത് മാത്രമാണ് പോംവഴി. പാവപ്പെട്ടവരോടൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ നിൽക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ സാധനങ്ങള്‍ കടലാസ്സില്‍ പൊതിഞ്ഞ് വിറ്റാൽ നികുതിയില്ല. ഗ്രാമങ്ങളിലെ കച്ചവടക്കാര്‍ക്ക് കച്ചവടം കൂടുന്നത് രാജ്യത്തിന് നല്ലതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.