ട്രാൻസ്മാൻ പ്രവീണിന് ‘മിസ്റ്റർ ഇന്ത്യ’യിൽ പങ്കെടുക്കാൻ സർക്കാർ സഹായം

0
151

തിരുവനന്തപുരം: ട്രാൻസ്മാൻ പ്രവീൺ നാഥിന് മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ സർക്കാർ സഹായം. ഏഴ് മാസത്തെ പരിശീലനം, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ 2,24,000 രൂപ അനുവദിച്ചു.

കഴിഞ്ഞ വർഷം ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ട പ്രവീണ് നാഥിന്, മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിനായി ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക മത്സരം നടത്താൻ കേരള ബോഡി ബിൽഡിംഗ് അസോസിയേഷൻ കഴിഞ്ഞ വർഷം ആദ്യമായി തീരുമാനിച്ചപ്പോൾ ആദ്യം തൃശൂർ ജില്ലയിലും പിന്നീട് സംസ്ഥാന തലത്തിലും പ്രവീൺ നാഥിന് സ്വർണം നേടാൻ കഴിഞ്ഞു.

സാമ്പത്തിക പരിമിതികളായിരുന്നു ദേശീയ തലത്തിൽ മത്സരിക്കുന്നതിനുള്ള തടസ്സങ്ങൾ. വിഷയം ശ്രദ്ധയിൽപ്പെടുകയും മന്ത്രി ആർ ബിന്ദു ഇടപെടുകയും ചെയ്തു. പ്രവീൺനാഥിന് മുന്നിലെ തടസ്സങ്ങൾ നീക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു.