യുഎഇയില്‍ നഴ്‌സുമാര്‍ക്കും ഗോള്‍ഡന്‍ വീസ

0
185

അബുദാബി: യുഎഇയിലെ നഴ്സുമാർക്ക് ഗോൾഡൻ വിസ ലഭിച്ചു തുടങ്ങി. സർക്കാർ, സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് 10 വർഷത്തെ ഗോൾഡൻ വിസ അനുവദിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗോൾഡൻ വിസ നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ലാബ് ടെക്നീഷ്യൻമാർക്കും ഗോൾഡൻ വിസ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

യുഎഇയിലേക്ക് കൂടുതൽ നഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ആകർഷിക്കാൻ ഗോൾഡൻ വിസ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നഴ്സുമാർക്ക് ഗോൾഡൻ വിസ ഏർപ്പെടുത്തിയത് യുഎഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാർക്ക് ഏറെ ഗുണം ചെയ്യും. യുഎഇയിലെ നഴ്സുമാരിൽ നല്ലൊരു ശതമാനവും മലയാളികളാണ്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ, നിക്ഷേപകർ, ഡോക്ടർമാർ, പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾ എന്നിവർക്കാണ് ഇതുവരെ ഗോൾഡൻ വിസ അനുവദിച്ചിരുന്നത്.

2019 ൽ, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും 6,500 നിക്ഷേപകർക്ക് ആദ്യ ഘട്ടത്തിൽ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. മികച്ച കഴിവുള്ളവരെയും രാജ്യത്തിന്‍റെ വളർച്ചയ്ക്ക് സഹായിച്ചവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കും ഗോൾഡൻ വിസ നൽകുമെന്ന പ്രഖ്യാപനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.