ബഫര്‍ സോണിൽ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ

0
119

തിരുവനന്തപുരം: വനാതിർത്തിക്ക് പുറത്തുള്ള ഒരു കിലോമീറ്റർ വനമേഖലയെ സംരക്ഷിത മേഖലയാക്കാനുള്ള 2019 ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ബഫർ സോൺ നടപ്പാക്കാനുള്ള ഉത്തരവിന് ശേഷം സുപ്രീം കോടതി വിധിയെ എതിർക്കുന്നതിലെ ഇരട്ടത്താപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോഴാണ് എ കെ ശശീന്ദ്രൻ നിലപാട് വ്യക്തമാക്കിയത്.

ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനുള്ള തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്നും ബഫർ സോൺ ഇല്ലാതാക്കാൻ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

പരിസ്ഥിതിക്കും വികസനത്തിനും ഹാനികരമല്ലാത്ത രീതിയിൽ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപീന്ദർ യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള ഇഎസ്‍സെഡ് തീരുമാനിക്കുന്നതിന് മുമ്പ് കേരളവുമായി കൂടുതൽ ചർച്ചകൾ നടത്തും. കേരളം ഇതുവരെ ഉന്നയിച്ച ആശങ്കകൾ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ കത്ത് തനിക്ക് അടുത്തിടെയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.