മൂവാറ്റുപുഴയില്‍ പരിസ്ഥിതി വിനാശകരായ ചെഞ്ചെവിയന്‍ ആമകളെ കണ്ടെത്തി

0
129

മൂവാറ്റുപുഴ: മൂവാറ്റുപുഴ ആനിക്കാട് ചിറയില്‍ പരിസ്ഥിതി നാശകാരികളായ ചെഞ്ചെവിയൻ ആമയെ കണ്ടെത്തി. കരയോട് ചേർന്നുള്ള ചിറയുടെ ഒരു വശത്തായാണ് രണ്ട് ചെഞ്ചെവിയൻ ആമകളെ കണ്ടെത്തിയത്. അവ കാഴ്ചയിൽ മനോഹരമാണെങ്കിലും, ജലാശയത്തിലെ മറ്റ് ജീവജാലങ്ങൾക്ക് മാരകമായ ദോഷം ചെയ്യും. ഇവയുടെ കണ്ണുകൾക്ക് അടുത്ത്, ചെവി പോലെ ഇരുണ്ട ചുവപ്പാണ്. ശരീരത്തിന് മഞ്ഞ നിറമാണ്. ഇവയുടെ വിൽപ്പനയ്ക്കും കള്ളക്കടത്തിനും രാജ്യത്ത് നിരോധനമുണ്ട്.

സാല്‍മൊണല്ല ബാക്ടീരിയ വാഹകരായ ഇവ മനുഷ്യരില്‍ രോഗബാധയുണ്ടാക്കും. ജലത്തില്‍ അതിവഗേത്തില്‍ പെരുകി സസ്യ-ജന്തുജാലങ്ങളെ ഇല്ലാതാക്കാന്‍ ഇവയ്ക്ക് കഴിയും. രൂപഭംഗി മൂലം മെക്സിക്കന്‍ വംശജനായ ഈ ആമയെ പലരും രഹസ്യമായി വളര്‍ത്തിയിരുന്നു.

പ്രധാനമായും പച്ച, മഞ്ഞ നിറങ്ങളിലാണ് ഇവ കാണുന്നത്. അലങ്കാര ജീവിയെന്ന നിലയില്‍ വളര്‍ത്തി തുടങ്ങുന്ന ഇവയെ പലരും പിന്നീട് ജലാശയങ്ങളില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇത് ജലാശയങ്ങളില്‍ ഇവയുടെ സാന്നിധ്യം ഇരട്ടിക്കാനുള്ള കാരണമായി. കുടിവെള്ളത്തെയും ജലസ്രോതസ്സുകളെയും അപകടകരമാംവിധം ഇവ മലീമസമാക്കും. ആനിക്കാട് ചിറയില്‍ ചെഞ്ചെവിയന്‍ ആമ എത്തിയതെങ്ങനെയെന്ന് വ്യക്തമല്ല. യൂറോപ്യന്‍ രാജ്യങ്ങളിലും ഇവയ്ക്ക് നിരോധനമുണ്ട്.