ദിലീപും സുനിയും ഒന്നിച്ചുള്ള ചിത്രം; ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫര്‍

0
121

തൃശ്ശൂര്‍: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളായ ദിലീപും പൾസർ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫര്‍. ചിത്രം യഥാർഥമാണെന്നും അതിൽ കൃത്രിമം നടന്നിട്ടില്ലെന്നും ചിത്രം പകർത്തിയ ബിദിൽ പറഞ്ഞു.

അന്ന് ദിലീപിനെ കണ്ട ശേഷം ഫോണിൽ എടുത്ത സെൽഫിയായിരുന്നു അത്. ചിത്രം എടുത്തയുടൻ തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടു. ഫോട്ടോയിൽ എഡിറ്റിംഗ് ഒന്നും ചെയ്തിട്ടില്ല. പൾസർ സുനിയാണ് ദിലീപിനൊപ്പമുള്ളതെന്ന് വാർത്ത കണ്ടപ്പോഴാണ് അറിഞ്ഞത്.

ടെന്നീസ് ക്ലബ്ബിൽ ബാർമാനായി ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പിന്നീട് അന്വേഷണത്തിനെത്തിയപ്പോൾ ഫോണിൽ പകർത്തിയ ചിത്രങ്ങൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു. സി.ഐ ഫോൺ പരിശോധിച്ചപ്പോഴാണ് സെൽഫി കണ്ടത്. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നും ഫോണ്‍ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ബിദിൽ പറഞ്ഞു. കേസിൽ തന്നെ സ്വാധീനിക്കാൻ ഇതുവരെ ആരും ശ്രമിച്ചിട്ടില്ലെന്നും ബിദിൽ പറഞ്ഞു.