തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചതിന് പിന്നാലെ സാംസ്കാരിക പ്രവര്‍ത്തകരെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബൽറാം. സാംസ്കാരിക നായകർ എന്ന വിഭാഗത്തിൽപ്പെട്ടവരുടെ ശബ്ദം ഉയരാതെ സാംസ്കാരിക മന്ത്രിയെ പുറത്താക്കിയെന്ന് ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് വി.ടി.ബൽറാമിന്‍റെ പ്രതികരണം.
“ഈ രാജിയുടെ ഏറ്റവും വലിയ പ്രത്യേകത സാംസ്കാരിക നായകരുടെ വിഭാഗത്തിൽപ്പെട്ട ആരുടെയും ശബ്ദമുയരാതെ സാംസ്കാരിക മന്ത്രിയെ പുറത്താക്കാൻ കഴിഞ്ഞു എന്നതാണ്. അവാർഡും അക്കാദമി അംഗത്വവും പരിപാടിക്കുള്ള ടി.എ.യും കൊണ്ട് ആ വക പരാന്നഭോജികൾ സന്തുഷ്ടരായി തുടരട്ടെയെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം സജി ചെറിയാന്‍റെ രാജി തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു. പ്രതിപക്ഷത്തിന്‍റെ ആവശ്യം അംഗീകരിച്ച് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. രാജി പ്രഖ്യാപനത്തിൽ പോലും തന്‍റെ വിവാദ പ്രസംഗം അദ്ദേഹം തള്ളിയിട്ടില്ലെന്നും സതീശൻ പറഞ്ഞു. രാജി സ്വതന്ത്രമായ തീരുമാനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിഷയത്തിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടെന്താണ് എന്നും സതീശൻ ചോദിച്ചു.