ഗോൾവാൾക്കർ പരാമർശത്തിൽ വി.ഡി.സതീശന് കോടതി നോട്ടിസ്

0
144

കണ്ണൂർ: ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് കോടതി നോട്ടീസ് അയച്ചു. സതീശനോട് അടുത്ത മാസം 12ന് ഹാജരാകാൻ കണ്ണൂർ മുൻസിഫ് കോടതി നിർദേശിച്ചു. മന്ത്രി സജി ചെറിയാന്‍റെ രാജിയിലേക്ക് നയിച്ച ഭരണഘടനാ വിവാദവുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ തുടർച്ചയായാണ് കോടതിയുടെ നിർദേശം.

ഭരണഘടനയെ അവഹേളിക്കുന്ന സജി ചെറിയാന്‍റെ പ്രസംഗവുമായി ഗോൾവാൾക്കറെ താരതമ്യം ചെയ്തുവെന്നാണ് പരാതി. ഭരണഘടനയെക്കുറിച്ച് ഗോൾവാൾക്കർ പറഞ്ഞ അതേ കാര്യമാണ് സജി ചെറിയാനും പറഞ്ഞതെന്ന സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ ആർഎസ്എസ് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

ആർ.എസ്.എസിന്‍റെ വക്കീൽ നോട്ടീസിനെ വിചിത്രമെന്ന് വിശേഷിപ്പിച്ച സതീശൻ അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും പ്രതികരിച്ചു. താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും വാക്കുകൾ പിൻവലിക്കാൻ തയ്യാറല്ലെന്നും സതീശൻ വ്യക്തമാക്കിയതോടെ, നേരത്തെ ആർഎസ്എസ് പരിപാടികളിൽ സതീശൻ പങ്കെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.