വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് നിര്‍മാണം; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് എം.എല്‍.എ 

0
108

കൊല്ലം: വീട്ടിലേക്കുള്ള വഴി അടച്ച് റോഡ് നിർമ്മിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ. ആവർത്തിച്ച് പറഞ്ഞിട്ടും റോഡരികിൽ താമസിക്കുന്നവർക്ക് വഴിക്കുള്ള സൗകര്യം ഒരുക്കാത്തതാണ് എം.എൽ.എയെ ചൊടിപ്പിച്ചത്.

റോഡ് നിർമ്മാണത്തിന്‍റെ ഭാഗമായി വീടിനേക്കാൾ ഉയരത്തിൽ കരിങ്കല്‍ മതിൽ നിർമിച്ചു. ഇതോടെയാണ് വഴി അടഞ്ഞത്. പത്തനാപുരം മുക്കടവ് നീതി ഭവനിൽ താമസിക്കുന്ന ശ്രീകുമാരി ഒരു വർഷം മുമ്പാണ് എംഎൽഎയ്ക്ക് ഈ വിഷയത്തിൽ പരാതി നൽകിയത്. പ്രശ്നം പരിഹരിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നപ്പോൾ കെ.എസ്.ടി.പി ഉദ്യോഗസ്ഥരെയും റോഡ് നിർമ്മാണച്ചുമതലയുള്ള കരാറുകാരെയും എം.എൽ.എ ശകാരിച്ചു.

ആവർത്തിച്ച് പരാതിപ്പെട്ടിട്ടും റോഡിൽ നിന്ന് വീട്ടിലേക്ക് വഴി സൗകര്യം ഒരുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നെങ്കിലും ഇതൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു. നിലവിൽ, റോഡിൽ നിന്ന് താൽക്കാലിക വഴി നിർമ്മിച്ച് കുടുംബത്തിനു വഴിയൊരുക്കിയിട്ടുണ്ട്.