കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ

0
102

കൊച്ചി: കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്‍റെ രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചു. മികച്ച വാർഷിക റിപ്പോർട്ടിനുള്ള അവാർഡും മികച്ച ഡോക്ടറൽ റിസർച്ച് പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്റു അവാർഡുമാണ് സിഎംഎഫ്ആർഐ നേടിത്.

2020 ലെ സിഎംഎഫ്ആർഐയുടെ ഗവേഷണ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അവാർഡ്. ഒരിക്കൽ ലഭിച്ചുകഴിഞ്ഞാൽ, ഒരു സ്ഥാപനത്തെ അഞ്ച് വർഷത്തിന് ശേഷം മാത്രമേ അംഗീകാരത്തിനായി പരിഗണിക്കുകയുള്ളൂ. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് സിഎംഎഫ്ആർഐ ഈ നേട്ടം കൈവരിക്കുന്നത്.

മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്കാരം സി.എം.എഫ്.ആർ.ഐ.യിലെ പി.എച്ച്.ഡി ഗവേഷക ഡോ.എം.അനുശ്രീയാണ് നേടിയത്. കടൽപ്പായലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ജൈവ സംയുക്തങ്ങളുടെ ഔഷധ മൂല്യത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിനാണ് അനുശ്രീക്ക് പുരസ്കാരം ലഭിച്ചത്. സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ കാജൽ ചക്രവർത്തിയുടെ കീഴിലാണ് പഠനം നടത്തിയത്. 50,000 രൂപയും പ്രശസ്തിപത്രവും വെള്ളിമെഡലും അടങ്ങുന്നതാണ് പുരസ്കാരം.