കോളേജിൽനിന്ന് ബാറ്ററി മോഷ്‌ടിച്ചു; എസ്.എഫ്.ഐ, കെ.എസ്.യു നേതാക്കളടക്കം വിദ്യാർഥികൾ അറസ്റ്റിൽ

0
109

മലപ്പുറം: മലപ്പുറം ഗവ. കോളേജിൽ 11 ഇൻവെർട്ടർ ബാറ്ററികൾ മോഷണംപോയ സംഭവത്തിൽ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റുമടക്കം ഏഴുപേർ അറസ്റ്റിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി തലശ്ശേരി സ്വദേശി വിക്ടർ ജോൺസൺ, കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് അരീക്കോട് സ്വദേശി ആതിഫ്, എസ്എഫ്ഐ നൻമണ്ട സ്വദേശി ആദർശ് രവി, പുല്ലറ സ്വദേശി നിരഞ്ജൻ ലാൽ, മഞ്ചേരി സ്വദേശി അഭിഷേക്, പന്തല്ലൂർ സ്വദേശി ഷാലിൻ ശശിധരൻ, പാണ്ടിക്കാട് സ്വദേശി ജിബിൻ എന്നിവരാണ് അറസ്റ്റിലായത്.

കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ തിങ്കളാഴ്ച മലപ്പുറം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി വിഭാഗങ്ങളിൽ നിന്നാണ് മോഷണം നടന്നത്. ജൂൺ 27, 30, ജൂലൈ 2 തീയതികളിലാണ് മോഷണം നടന്നതെന്ന് പൊലീസ് കണ്ടെത്തി.

മോഷ്ടിച്ച ബാറ്ററികൾ മുണ്ടുപറമ്പിലെയും കാവുങ്ങലിലെയും ആക്രിക്കടകളിൽ വിറ്റ് പണമാക്കി. ഈ തുക ഇവർ ചെലവഴിച്ചതായി പൊലീസ് പറഞ്ഞു. കോളേജിൽ നടത്തിയ ഇന്‍റേണൽ ഓഡിറ്റിലാണ് മോഷണം പുറത്തായത്. തുടർന്ന് പോലീസിൽ പരാതി നൽകി. സെക്യൂരിറ്റി ഗാർഡിനെയും സംശയാസ്പദമായ വിദ്യാർത്ഥികളെയും ചോദ്യം ചെയ്ത ശേഷമാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് സിഐ ജോബി തോമസ് പറഞ്ഞു.