മലങ്കര കത്തോലിക്ക സഭയുടെ പുതിയ ഇടയൻമാരായി ആന്റണി കാക്കനാട്ടും മാത്യു മനക്കരക്കാവിലും

0
125

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ പുതിയ മെത്രാന്മാരായി ഡോ. ആന്റണി കാക്കനാട്ടും ഡോ. മാത്യു മനക്കരക്കാവിലും അഭിഷിക്തരായി. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവയുടെ കാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണം. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ മറ്റ് സഭാ അധ്യക്ഷന്മാർ സന്നിഹിതരായിരുന്നു.

പുതിയ മെത്രാന്മാരുടെ സ്ഥാനാരോഹണം ദൈവദാസൻ മാർ ഇവാനിയോസിന്റെ ഓർമ പെരുന്നാളിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു. മാത്യു മനക്കരക്കാവിൽ തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാനായും ആന്റണി കാക്കനാട്ട് സഭാ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററിലെ കൂരിയ മെത്രാനായുമാണ് നിയമിതരായത്. കർദിനാൾ ക്ലിമ്മിസ് കാതോലിക്കാ ബാവ മെത്രാന്മാരുടെ പുതിയ പേരുകൾ പ്രഖ്യാപിച്ചു. ഡോ. ആന്റണി കാക്കനാട്ട് ആന്റണി മാർ സിൽവാനോസ് എന്നും ഡോ. മാത്യു മനക്കരക്കാവിൽ മാത്യൂസ് മാർ പോളിക്കാപസ് എന്നും അറിയപ്പെടും.

പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വചന സന്ദേശം നൽകി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഇന്ത്യയിലെ വത്തിക്കാർ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾഡോ ജിറേല്ലി, തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പൊലീത്ത, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, മാർത്തോമ്മാ സഭ സഫ്രഗൻ മെത്രാപ്പൊലീത്ത ജോസഫ് മാർ ബർണബാസ് തുടങ്ങിയവരും പങ്കെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും ഉൾപ്പെടെ വിവിധ നേതാക്കൾ ചടങ്ങിനെത്തി.