‘സ്‌നേഹബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴുള്ള ആരോപണങ്ങള്‍ ബലാത്സംഗമായി കാണാനാവില്ല’

0
125

കൊച്ചി: പരസ്പരമുള്ള പ്രണയബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വാക്കാലുള്ള നിരീക്ഷണം നടത്തിയത്. സാമൂഹിക സാഹചര്യങ്ങൾ വളരെയധികം മാറിയ ഈ കാലഘട്ടത്തിൽ, പുരുഷൻമാരും സ്ത്രീകളും വിവാഹം കഴിക്കാതെ പോലും ഒരുമിച്ച് ജീവിക്കുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പുതുതലമുറയുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. 28ഉം 29ഉം വയസ്സിൽ പോലും പെൺകുട്ടികൾ വിവാഹിതരാകാൻ തയ്യാറല്ലെന്നും അതേസമയം, അവരുടെ ബന്ധത്തിൽ അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ ഒരാൾ ഉന്നയിക്കുന്ന ആരോപണങ്ങൾ മറ്റൊരാളെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു.
പുത്തന്‍കുരിശ് സ്വദേശി നവനീത് എന്‍. നാഥിന്റെ ജാമ്യ ഹരജി പരിഗണിക്കവെയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ജൂൺ 21നാണ് നവനീതിനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.