ആസിഡ് ആക്രമണ കണക്കുകൾ പുറത്ത്; ദക്ഷിണേന്ത്യയിൽ കേരളം മുന്നിൽ

0
132

ചെന്നൈ: ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ദക്ഷിണേന്ത്യയിൽ ആസിഡ് ആക്രമണ കേസുകളിൽ മുന്നിൽ കേരളം. 2016 മുതൽ 2020 വരെ കേരളത്തിൽ 53 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 42 കേസുകളുമായി ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. കർണാടകയിൽ 34, തമിഴ്നാട്ടിൽ 24, തെലങ്കാനയിൽ 21 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് നേരെയാണ് രാജ്യത്തുടനീളം ആസിഡ് ആക്രമണം ഏറ്റവും കൂടുതൽ നടക്കുന്നത്.

2016-20 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആസിഡ് ആക്രമണങ്ങൾ നടന്നത് പശ്ചിമ ബംഗാളിലാണ്. ആകെ 294 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 243 കേസുകളുമായി ഉത്തർ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. വ്യാവസായിക സ്ഥാപനങ്ങളുള്ള പ്രദേശങ്ങളിലാണ് ആസിഡ് ആക്രമണം കൂടുതലായി നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

കാരണം അത്തരം സ്ഥലങ്ങളിൽ ആസിഡ് എളുപ്പത്തിൽ ലഭ്യമാണ്. ആസിഡ് വിൽപ്പനയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആസിഡ് സർവൈവേഴ്‌സ് ആൻഡ് വുമെൻ വെൽഫെയർ ഫൗണ്ടേഷൻ ചെന്നൈ ചാപ്റ്റർ അസി. ഡയറക്ടർ അവിജിത്ത് കുമാർ ആവശ്യപ്പെട്ടു. പ്രണയം നിരസിക്കൽ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കൽ, സ്ത്രീധനം, ദാമ്പത്യ പ്രശ്നങ്ങൾ, സ്വത്ത് തർക്കം എന്നിവയാണ് ആസിഡ് ആക്രമണത്തിന് പ്രധാന കാരണമെന്ന് അവിജിത്ത് ചൂണ്ടിക്കാട്ടി.