34 കോടി രൂപയുടെ കവർച്ചയ്ക്കെത്തിയ സംഘത്തിന് പണികൊടുത്ത് ബാങ്കിലെ എസി; അധികൃതർക്ക് കാര്യങ്ങൾ എളുപ്പമായി

0
236

മുംബയ്: 34 കോടി രൂപയുടെ ബാങ്ക് കൊള്ളയ്ക്ക് പദ്ധതിയിട്ടെങ്കിലും എസി ചതിച്ചത് കാരണം കള്ളൻമാർക്ക് സ്വന്തമാക്കാൻ പറ്റിയത് 12.20 കോടി രൂപ മാത്രം. പിന്നാലെ മൂന്ന് ദിവസത്തിനുള്ളിൽ കൊള്ളസംഘത്തിലെ മൂന്ന് പേ‌ർ അറസ്റ്റിലാവുകയും ഇവരിൽ നിന്ന് 5.80 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ദോംബിവില്ലിയിൽ ബാങ്കിന്റെ മൻപദ ശാഖയിലാണ് സംഭവം നടന്നത്.

താനെയിലെ സ്വകാര്യ ബാങ്കിൽ നിന്ന് കവർച്ച നടത്തിയ സംഘം 34.20 കോടി രൂപയിൽ നിന്ന് 22 കോടി രൂപ ബാങ്കിലെ തന്നെ എസി തുരന്ന് അവിടെ ഒളിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. വാരാന്ത്യ അവധി ദിവസങ്ങളായ ജൂലായ് ഒൻപതിനോ പത്തിനോ കവർച്ച നടന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ജൂലായ് 11ന് ബാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് കവർച്ച നടന്ന വിവരം അധികൃതർ മനസിലാക്കുന്നത്. പിന്നാലെ സിസിടിവി പരിശോധിച്ചെങ്കിലും അതിൽ കൃത്രിമം നടന്നതായി കണ്ടെത്തിയിരുന്നു.

പണം സൂക്ഷിച്ചിരുന്ന മുറി പരിശോധിക്കുന്നതിനിടെ എസി തകർന്നിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ 22 കോടി രൂപ സൂക്ഷിച്ചിരുന്ന ഏഴ് ബാഗുകൾ എസിയുടെ ദ്വാരത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കവർച്ചസംഘം എസിക്കുള്ളിൽ ബാഗുകൾ ഉപേക്ഷിച്ചതിനുള്ള കാരണം വ്യക്തമല്ല.

കവർച്ച നടന്ന ദിവസം ബാങ്കിലെ നിലവറ സൂക്ഷിപ്പുകാരനായിരുന്ന അൽതാഫ് ഷെയിഖാണ് സംഘത്തിലെ പ്രധാനി. ചായ കുടിക്കുന്നതിനായി പുറത്തിറങ്ങിയ ഇയാൾ തിരികെ ബാങ്കിലേയ്ക്ക് എത്തിയില്ലെന്ന് അധികൃതർ പറയുന്നു. ഇയാളും സംഘത്തിലെ മറ്റ് ചിലരും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കവർച്ചാസംഘത്തിലുൾപ്പെട്ട ഇസ്‌റാ‌ർ അബ്രാർ ഹുസൈൻ ഖുറേഷി (33), സംഷദ് അഹ്മദ്ദ് റിയാസ് അഹ്മദ്ദ് ഖാൻ (33), അനുജ് പ്രേംശങ്കർ ഗിരി (30) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 5.80 കോടി രൂപയും പത്ത് ലക്ഷം രൂപ വിലവരുന്ന വസ്തുക്കളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here