22 വര്‍ഷം കാത്തിരുന്ന മകന്‍ സൗദിയില്‍ നിന്നെത്തി, നാലാം ദിവസം ഉമ്മ മരിച്ചു

0
234

റിയാദ്: 22 വര്‍ഷം കാത്തിരുന്ന മകന്‍ സൗദിയില്‍ നിന്നെത്തി കണ്‍കുളിര്‍ക്കെ കണ്ട് നാലാം ദിവസം ആ ഉമ്മ കണ്ണടച്ചു. നിയമക്കുരുക്കില്‍ പെട്ട് ഒരുപാട് യാതനകളും പ്രയാസങ്ങളും അനുഭവിച്ച് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി ശരീഫിന്റെ ഉമ്മ ഫാത്തിമയാണ് ഇന്നലെ മരണപ്പെട്ടത്.

മകന്‍ ശരീഫ് നിയമക്കുരുക്കില്‍ പെട്ട് തിരിച്ചുവരാന്‍ കഴിയാത്തതില്‍ ഏറെ ദുഃഖിതയായിരുന്നു മാതാവ്. രണ്ട് പതിറ്റാണ്ടിലധികം കാലം തന്റെ മകന്റെ വരവും പ്രതീക്ഷിച്ചിരുന്ന ആ മാതാവ് എന്നും പ്രാര്‍ഥനയിലായിരുന്നു. മരിക്കുന്നതിന് മുമ്പ് മകനെ കണ്‍കുളിര്‍ക്കെ കാണാനും ആശ്ലേഷിക്കാനും. ഒടുവില്‍ മകനെത്തി മൂന്നു ദിവസത്തിന് ശേഷം അവര്‍ മരണത്തിന് കീഴടങ്ങി.

ആടുകളെ മേച്ചും കൃഷിസ്ഥലം നനച്ചും ടാക്സി ഓടിച്ചും വര്‍ക്ക്ഷോപ്പ് നടത്തിയുമൊക്കെ ഹായില്‍ പ്രവിശ്യയിലെ  മൂഖഖ് ഗ്രാമത്തില്‍ എല്ലാവര്‍ക്കും സുപരിചിതനായിരുന്നു ശരീഫ്. കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം നാട്ടിലേക്ക് അയച്ച് ബാക്കി പാവങ്ങളെ സഹായിക്കുന്ന പ്രകൃതക്കാരനായിരുന്നു. ഈ അവസരം മുതലെടുത്ത് പലരും ഇദ്ദേഹത്തിന്റെയടുത്ത് നിന്ന്് പണം കടം വാങ്ങി മുങ്ങി. അതിനിടെ തന്റെ കീഴില്‍ നിന്ന് ഒളിച്ചോടി എന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന് സ്പോണ്‍സര്‍ പരാതി നല്‍കി ‘ഹുറൂബാ’ക്കുകയും ചെയ്തു. ചെയ്ത ജോലികള്‍ പലതും തകര്‍ന്നു സാമ്പത്തിക തകര്‍ച്ച നേരിടുകയും ചെയ്തതോടെ ശരീഫ് ദുരിതക്കയത്തിലായി. നാട്ടിലേക്ക് പോകാന്‍ വര്‍ഷങ്ങളോളം ശ്രമം നടത്തിയെങ്കിലും പാസ്പോര്‍ട്ടിലെ പേര് മാറ്റവും ഹുറൂബും അതിന് തടസ്സമായി. പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങിയപ്പോള്‍ മാനസികമായി അദ്ദേഹം തളര്‍ന്നു.

ഇതിനിടെയാണ് ഹായിലിലെ ജീവകാരുണ്യപ്രവര്‍ത്തകനായ ചാന്‍സ് അബ്ദുറഹ്മാന്‍ ഇദ്ദേഹത്തിന്റെ വിഷയത്തില്‍ ഇടപെട്ടത്. നാട്ടിലെ കലക്ടറേറ്റിലും റിയാദിലെ ഇന്ത്യന്‍ എംബസിയിലും സൗദി ജവാസാത്തിലും നിരന്തരം കയറിയിറങ്ങി അദ്ദേഹത്തിന് പാസ്പോര്‍ട്ടും ഫൈനല്‍ എക്സിറ്റും സംഘടിപ്പിച്ചു രേഖകള്‍ ശരിയാക്കി നല്‍കി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം നാട്ടിലെത്തിയത്. ഉമ്മയും ഭാര്യയും മക്കളും സന്തോഷാശ്രു പൊഴിച്ചാണ് ശരീഫിനെ സ്വീകരിച്ചത്. മൂന്നു ദിവസം ഉമ്മയോടൊപ്പം ശരീഫ് കഴിഞ്ഞതിന് ശേഷം വ്യാഴാഴ്ചയാണ് ആ ഉമ്മ മരണമടഞ്ഞത്. കഴിഞ്ഞ 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ മകനെ കണ്ട ചാരിതാര്‍ഥ്യത്തില്‍ ശരീഫിന്റെ ഭാര്യയുടെയും മക്കളുടെയും സഹോദരികളുടെയും സന്തോഷ നിമിഷങ്ങള്‍ക്ക് സാക്ഷിയായി ഉമ്മ നാഥനിലേക്ക് മടങ്ങിയപ്പോള്‍ ശരീഫിനു കരച്ചിലടക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here