15 വര്‍ഷം പ്രായമായ വാഹനങ്ങള്‍ ആറ് മാസത്തിനുള്ളിൽ നിരോധിക്കണം; നിര്‍ദേശവുമായി ഹരിത ട്രൈബ്യൂണല്‍

0
224

വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായി കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിരോധിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇതിനുമുന്നോടിയായി 15 വര്‍ഷം പഴക്കം ചെന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പശ്ചിമ ബംഗാളിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ദേശിയ ഹരിത ട്രൈബ്യൂബല്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ 15 വര്‍ഷത്തിലധികം പ്രായമുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

പശ്ചിമ ബംഗാളിലെ പ്രധാന നഗരങ്ങളായ കൊല്‍ക്കത്ത, ഹൗറ എന്നിവിടങ്ങളിലെ വായു നിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തുന്നത് ആയിരക്കണക്കിന് സ്വകാര്യ കാറുകളെ പോലും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 15 വര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ-വാണിജ്യ വാഹനങ്ങള്‍ സംസ്ഥാനത്തെ ഭൂരിഭാഗം നഗരങ്ങളിലും ഓടുന്നുണ്ടെന്നാണ് വിവരങ്ങള്‍.

ബി.എസ്.4-ന് നിലവാരത്തില്‍ താഴെയുള്ള പൊതുഗതാഗത വാഹനങ്ങള്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ആറ് മാസത്തിന് ശേഷം പശ്ചിമ ബംഗാളില്‍ പൊതുഗതാഗതത്തിനായി ബി.എസ്.4 വാഹനങ്ങള്‍ മാത്രമേ ഓടുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ, മലിനീകരണം ചെറുക്കുന്നതിനും, ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള കര്‍മപദ്ധതികള്‍ മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കാനും നിര്‍ദേശമുണ്ട്.

കേന്ദ്ര ഗതാഗത വകുപ്പിന്റെ കണക്ക് അനുസരിച്ച് 15 വര്‍ഷത്തിലധികം പഴക്കമുള്ള 92 ലക്ഷത്തോളം വാഹനങ്ങളാണ് പശ്ചിമ ബംഗാളിലുള്ളത്. സംസ്ഥാനത്തെ പ്രധാന നഗരമായ കൊല്‍ക്കത്തയില്‍ 15 വര്‍ഷം കഴിഞ്ഞ 2.19 ലക്ഷം വാണിജ്യ വാഹനങ്ങളും 18.2 ലക്ഷം സ്വകാര്യ വാഹനങ്ങളുമാണുള്ളത്. സംസ്ഥാനത്തിന്റെ മറ്റ് സ്ഥലങ്ങളിലെല്ലാമായി 15 വര്‍ഷം കഴിഞ്ഞ 6.98 വാണിജ്യ വാഹനങ്ങളും 65 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളുമുണ്ടെന്നാണ് വിവരം.

അതേസമയം, ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം നടപ്പാക്കുന്നതിന് ആറ് മാസം വളരെ കുറഞ്ഞ കാലാവധിയാണെന്നാണ് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് മന്ത്രി ഫിര്‍ഹാദ് ഹക്കിം അഭിപ്രായപ്പെട്ടു. എന്നാല്‍, ഇതിനോടകം തന്നെ 15 വര്‍ഷത്തിന് മുകളില്‍ പ്രായമുള്ള വാഹനങ്ങള്‍ നിര്‍ത്തലാക്കാനും സി.എന്‍.ജി-ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാനും തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ണമായും നിരോധിക്കുക എന്ന അസാധ്യമാണെന്നും, കൂടുതല്‍ സമയം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പല നഗരങ്ങളിലും വായുവിന്റെ ഗുണനിലവാരം വലിയ പരിസ്ഥിത ആശങ്കയായി നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി മെട്രോ നഗരങ്ങളിലുള്‍പ്പെടെ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വരും വര്‍ഷങ്ങള്‍ മലിനീകരണം കുറയ്ക്കുന്നതിനായി കൂടുതല്‍ നഗരങ്ങളില്‍ ദേശിയ ഹരിത ട്രൈബ്യൂണലിന്റെ ഇത്തരം നടപടികള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തലുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here