ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹർജികൾ അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജികൾ. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹിജാബ് കേസ് സുപ്രിംകോടതിയിൽ മെൻഷൻ ചെയ്തത്.’വിദ്യാർത്ഥികൾക്ക് പഠനം നഷ്ടപ്പെടുന്നു. ഫയലുകൾ ഏറെ മുമ്പെ സമർപ്പിച്ചതാണ്’ എന്നാണ് ഭൂഷൺ ചൂണ്ടിക്കാട്ടിയത്.
ഹിജാബ് ധരിച്ചതിന്റെ പേരിൽ കർണാടകയിലെ പ്രീയൂണിവേഴ്‌സിറ്റി (പിയു) കോളജുകളിൽ നിരവധി വിദ്യാർത്ഥികൾക്ക് നിലവിൽ പഠിക്കാൻ അവസരം ലഭിക്കുന്നില്ല. വിദ്യാർത്ഥികളെ പരീക്ഷക്കിരുത്താനും അധികൃതർ വിസമ്മതിച്ചിരുന്നു. പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ ഹരജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു എങ്കിലും സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല.