സൂറത്കല്‍ കൊലപാതകം:നിരോധനാജ്ഞ, പ്രാര്‍ഥന വീടുകളിലാക്കാന്‍ മുസ്ലിംനേതാക്കളോട് ആവശ്യപ്പെട്ട് പോലീസ്

0
363

മംഗളൂരു: സംഘര്‍ഷം നിലനില്‍ക്കുന്ന ദക്ഷിണ കന്നഡയില്‍ ഇന്നലെ രാത്രി ഒരു യുവാവ് കൂടി കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷ ശക്തമാക്കി കര്‍ണാടക പോലീസ്. യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന്‌ പിന്നാലെ മംഗളൂരു സൂറത്കല്‍ മംഗള്‍പേട്ടെ സ്വദേശി ഫാസിലാണ് വ്യാഴാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്.

സൂറത്കല്ലില്‍ റെഡിമെയ്ഡ് കടയുടെ മുന്നില്‍ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുള്ള്യയില്‍ നേരത്തെ നടന്ന രണ്ട് കൊലപാതകങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കൊലപാതകത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്രമികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്ന ജോലിയായിരുന്നു ഫാസിലിന്.

‘വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ 23-കാരനായ യുവാവിനെ നാലോ അഞ്ചോ ആളുകള്‍ ചേര്‍ന്ന് ക്രൂരമായി അക്രമിക്കുകയായിരുന്നു. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സൂറത്കല്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുല്‍ത്കല്‍, മുല്‍കി, ബാജ്‌പെ, പനമ്പുര്‍ എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്’ മംഗളൂരു പോലീസ് കമ്മീഷണര്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ സൂറത്കലില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ചുകൊണ്ട് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.

സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന ഒരു ദൃക്‌സാക്ഷിയില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും മംഗളൂരു പോലീസ് അറിയിച്ചു. ക്രമസമാധാന താത്പര്യം മുന്‍നിര്‍ത്തി പ്രാര്‍ഥനകള്‍ വീടുകളിലാക്കാന്‍ മുസ്ലിംനേതാക്കളോട് പോലീസ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മംഗളൂരു പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള എല്ലാ മദ്യ ഷാപ്പുകളും വെള്ളിയാഴ്ച അടച്ചിടാന്‍ നിര്‍ദേശമുണ്ട്. ന്യായമായ നീതി വേഗത്തില്‍ ലഭ്യമാക്കുമെന്നും മംഗളൂരു കമ്മീഷണര്‍ പറഞ്ഞു.

നിക്ഷിപ്ത താത്പര്യക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കിംവദന്തികളില്‍ വീഴരുത്, കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഫാസിലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here