സുള്ള്യയില്‍ കാസര്‍കോട് സ്വദേശിയെ എട്ടംഗ സംഘം മർദിച്ച് ​കൊലപ്പെടുത്തി

0
326

കാസർകോട്: കര്‍ണാടക സുള്ള്യയില്‍ ഒരു സംഘമാളുകളുടെ ആക്രമണത്തിന് ഇരയായ കാസര്‍കോട് സ്വദേശിയായ യുവാവ് കൊല്ല​പ്പെട്ടു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുള്ള്യയിലെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുനില്‍, സുധീര്‍, ശിവ, രഞ്ജിത്ത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്‌കര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൂലിപ്പണിക്കായി മസൂദ് ഒരു മാസമായി സുള്ള്യ കളഞ്ചയിലെ ബന്ധു അബ്ദു മുക്രിയുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മസൂദും പ്രതികളിലൊരാളായ സുധീറും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. വിഷയം പരിഹരിക്കാമെന്ന് പറഞ്ഞ് മസൂദിനെ സുഹൃത്ത് ഇബ്രാഹിം വഴി വിഷ്ണുനഗരി എന്ന സ്ഥലത്തേക്ക് വിളിപ്പിച്ചു.

തുടർന്ന് എട്ടംഗ സംഘം മസൂദിനെ ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ സംഘം പിന്തുടര്‍ന്ന് മർദിച്ചതായി പൊലീസ് പറഞ്ഞു. പിന്നീട് മസൂദിനെ കാണാതാവുകയും തെരച്ചിലിൽ പുലർച്ചെ 1.30 ഓടെ സമീപത്തെ കിണറിന് അടുത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here