വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ സംഭവം; ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദേശം

0
223

തിരുവനന്തപുരം:  മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്‍ജി ലെനി തോമസ് ഉത്തരവിട്ടത്.

ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്‌ അംഗങ്ങളായ അനിൽകുമാർ, സുനീഷ് വി.എം. എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദ്ദേശം നൽകിയത്. വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്താനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വലിയതുറ പൊലീസിനോടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശിച്ചത്. അതേസമയം കോടതി ഉത്തരവ് കിട്ടിയാൽ കേസെടുക്കുമെന്നും അന്വേഷിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും വലിയതുറ പൊലീസ് വ്യക്തമാക്കി.

കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രി എത്തിയ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഇ.പി.ജയരാജൻ തള്ളി മാറ്റിയിരുന്നു. ഈ സംഭവത്തിൽ വധശ്രമ കേസ് ചുമത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു. പ്രവർത്തകരെ കയ്യേറ്റം ചെയ്ത ജയരാജനെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു സർക്കാർ. മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇൻഡിഗോ പ്രഖ്യാപിച്ചിരുന്നു.പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ, പുറത്തുവന്ന ദൃശ്യങ്ങളിൽ കണ്ടത് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ യൂത്ത് കോൺഗ്രസുകാരെ തള്ളിവീഴ്ത്തുന്നതാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം.

പ്രതിഷേധവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാട്‍സാപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കി മുൻ എംഎൽഎ, കെ.എസ്.ശബരീനാഥനെ വധശ്രമ ഗൂഢാലോചനാ കുറ്റം ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വൈകീട്ട് ശബരീനാഥന് കോടതി ജാമ്യം അനുവദിച്ചു. മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, ഫോൺ കൈമാറണം എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here