നെടുങ്കണ്ടം: സ്വയം കണ്ടുപിടിച്ച വഴിയിലൂടെ കള്ളുണ്ടാക്കി സ്കൂളിലെത്തിയ വിദ്യാർത്ഥിക്ക് എക്സൈസ് വക കൗണ്‍സലിംഗ്. ഇടുക്കിയിലെ ഒരു സർക്കാർ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥിയാണ് കള്ളുമായി സ്കൂളിലെത്തിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.
കഞ്ഞിവെള്ളത്തിൽ നിന്നാണ് വിദ്യാർത്ഥി സ്വയം കള്ളുണ്ടാക്കിയത്. നേരത്തേ ഒരു പ്രാവശ്യം വീട്ടിന്റെ തട്ടിൻപുറത്തുവച്ചും ഇത്തരമൊരു പരീക്ഷണം നടത്തിയിരുന്നു. രക്ഷിതാക്കൾ അറിയാതെ നടത്തിയ പരീക്ഷണം കള്ല് സൂക്ഷിച്ചിരുന്ന പാത്രം പൊട്ടി താഴെ വീണതോടെ എല്ലാവരും അറിഞ്ഞു. കഴിഞ്ഞദിവസം കള്ള് നിറച്ച കുപ്പി ബാഗിലൊളിപ്പിച്ചാണ് വിദ്യാർത്ഥി സ്കൂളിലെത്തിയത്. കുപ്പി സേഫാണോ എന്ന് പരിശോധിക്കാനായി ഇടയ്ക്ക് എടുത്തുനോക്കി. ഈ സമയം കുപ്പിക്കുള്ളിലെ ശക്തമായ ഗ്യാസ് മൂലം അടപ്പ് തെറിച്ചുപോയി. ഇതാേടെ ക്ളാസ് മുറി മുഴുവൻ കള്ള് വീണു. ക്ളാസിലെ കുട്ടികളുടെ ശരീരത്തിലും ബാഗിലുമൊക്കെ കള്ള് വീണതോടെ പ്രശ്നം വഷളാകുമെന്ന് ഭയന്ന് വിദ്യാർത്ഥി സ്ഥലം വിട്ടു. സംഭവം മറ്റ് കുട്ടികളാണ് അദ്ധ്യാപകരെ വിവരമറിയിച്ചത്. വിദ്യാർത്ഥിയെ കാണാതായതോടെ ഭയന്ന അദ്ധ്യാപകര്‍ ഭീതിയിലായി. അവര്‍ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി. അപ്പോഴാണ് പണ്ട് തട്ടിൻപുറത്ത് കള്ളുണ്ടാക്കിയ വിവരം വീട്ടുകാർ പറയുന്നത്. തുടർന്നാണ് വിദ്യാര്‍ത്ഥിക്ക് കൗണ്‍സലിംഗ് നല്‍കാനുള്ള നടപടി ആരംഭിച്ചത്. എക്‌സൈസ് നേതൃത്വത്തിലായിരിക്കും ഇത്.