ലുലു മാളിന് ചുറ്റും സുരക്ഷ ശക്തമാക്കി യു.പി പൊലീസ്

0
267

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലുലു മാളിനെതിരായ തര്‍ക്കങ്ങള്‍ സജീവമാകുന്നതിന് പിന്നാലെ മാളിന് ചുറ്റും സുരക്ഷ കടുപ്പിച്ച് പൊലീസ്. പ്രദേശത്തെ ക്രമസമാധാനം പാലിക്കുന്നതിനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി (പി.എ.സി) പ്രവര്‍ത്തകര്‍ പ്രദേശത്ത് വിന്യസിച്ചതായി പൊലീസ് വ്യക്തമാക്കി.

ക്രമസമാധാന തകര്‍ച്ചയിലേക്ക് നയിക്കുന്ന പ്രദേശത്ത് അക്രമം നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജാഗ്രത പാലിക്കാന്‍ ലോക്കല്‍ പോലീസ് യൂണിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ പിയൂഷ് മോര്‍ദിയ പറഞ്ഞു.

പ്രദേശം നിരീക്ഷിക്കാന്‍ പോലീസ് സംഘം ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് മൊര്‍ദ പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ മാളില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ രൂക്ഷ നടപടി സ്വീകരിക്കുമെന്നും മൊര്‍ദ പറഞ്ഞു.

യു.പിയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ലുലു മാളിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മാളിലേത് എന്ന പേരില്‍ മുസ്ലിം വിശ്വാസികള്‍ നമസ്‌കരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചായിരുന്നു വിദ്വേഷ പ്രചരണം.

മാളില്‍ നമസ്‌കാരം നടന്നെന്നും മാള്‍ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും സംഘടന ആരോപിച്ചു. മാള്‍ നിര്‍മിക്കാന്‍ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധര്‍മം ആചരിക്കുന്നവര്‍ മാള്‍ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

മാളില്‍ നമസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് മഹാസഭ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. മാളില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വിവരങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വിദ്വേഷ പ്രചാരണം രൂക്ഷമായതോടെ മാള്‍ അധികൃതരുടെ പരാതിയില്‍ നമസ്‌കരിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
മാളിന്റെ പബ്ലിക് റിലേഷന്‍സ് മാനേജര്‍ സിബ്തൈന്‍ ഹുസൈന്‍ നല്‍കിയ പരാതിയിലാണ് നടപടി. സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് ആണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. അനുവാദമില്ലാതെ ചിലര്‍ മാളിലെത്തി പ്രാര്‍ത്ഥന നടത്തിയെന്നാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്.

മാളിലെ ജീവനക്കാരോ തൊഴിലാളികളോ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

മാളിലുണ്ടായ സംഭവം ഗൂഢാലോചനയാണെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

മാള്‍ അധികൃതര്‍ പൊലീസിന് കൈമാറിയ സി.സി.ടി.വി ദൃശ്യങ്ങളിലാണ് വിവാദം ആസൂത്രതമാണോ എന്നുള്ള സംശയം ഉയരുന്നത്.

എട്ടാളുകള്‍ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മാളില്‍ പ്രവേശിച്ചവര്‍ മാള്‍ സന്ദര്‍ശിക്കുന്നതിനോ ഷോറൂമിലേക്ക് പ്രവേശിക്കാനോ ശ്രമിക്കുന്നില്ല.

തിരക്കിട്ടുവരുന്ന ഇവര്‍ അകത്തുകയറിയ ഉടന്‍ നമസ്‌കരിക്കാന്‍ ഇടം തേടുകയാണ് ചെയ്യുന്നത്. സംഘം ആദ്യം ബേസ്‌മെന്റില്‍ നമസ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയും നമസ്‌കരിക്കുകയായിരുന്നു.

ഈ ആളുകള്‍ തിടുക്കത്തില്‍ 18 സെക്കന്‍ഡില്‍ നമസ്‌കാരം പൂര്‍ത്തിയാക്കുന്നതും ദൃശ്യങ്ങളിലുണ്ട്(സാധാരണ ഒരു നേരത്തെ നമസ്‌കാരം പൂര്‍ത്തിയാകാന്‍ അഞ്ച് മുതല്‍ ഏഴ് മിനിട്ടുവരെ സമയം എടുക്കും). ഇവര്‍ ശരിയായ ദിശയിലല്ല നമസ്‌കരിച്ചതെന്നും വിഡിയോയില്‍ നിന്ന് വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here