കോഴിക്കോട്∙ രാസ ലഹരിമരുന്നുകൾ വ്യാപകമാക്കാൻ മാഫിയകളുടെ ശ്രമം; വില കുറച്ച് വിൽപന നടക്കുന്നതായി പൊലീസിനു സൂചന. ഒരാഴ്ച മുൻപുവരെ ഗ്രാമിന് 2,000 രൂപ വരെ വിലയിട്ടു വിറ്റിരുന്ന എംഡിഎംഎ ഇപ്പോൾ ഗ്രാമിന് ആയിരം രൂപയായി വിലകുറച്ചാണു വിൽക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.
ഗോവയിൽനിന്നും കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായാണ് രാസലഹരി വസ്തുക്കൾ ജില്ലയിലേക്ക് വിവിധ വഴികളിലൂടെ കടന്നുവരുന്നതെന്ന് ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സിനു (ഡൻസാഫ്) വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പന്നിയങ്കരയിൽനിന്ന് ഡൻസാഫ് പിടികൂടിയ രണ്ടു യുവാക്കളാണ് എംഡിഎംഎയുടെ വിപണിവില കുറച്ച് വിൽപന സജീവമാക്കിയതായി വിവരം നൽകിയത്.
ഒരിക്കൽ ഉപയോഗിച്ചു കഴിഞ്ഞാൽ രക്ഷപ്പെടാൻ കഴിയാത്തവിധം ലഹരിക്ക് അടിമപ്പെടുത്തുന്നതാണ് രാസ ലഹരിമരുന്നുകൾ. തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ള രാസലഹരിമരുന്നുകൾ ദിനംപ്രതി ലഹരി വിപണിയിൽ വിവിധ പേരുകളിലായി പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് സൂചന. പ്രധാനമായും പെൺകുട്ടികളെയും യുവതലമുറയെയും ലക്ഷ്യംവച്ചാണ് ലഹരി മാഫിയ രാസലഹരിമരുന്ന് ചെറുകിട വിതരണക്കാരിലൂടെ വിൽപന നടത്തുന്നത്.
12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ ലഹരി നീണ്ടുനിൽക്കും. വെള്ളത്തിൽ കലക്കി കുടിക്കുകയോ പുകച്ച് വലിക്കുകയോ നേരിട്ട് അകത്താക്കുകയോ ചെയ്യാവുന്ന, ഏതുതരത്തിലും ഉപയോഗിക്കാവുന്ന എംഡിഎംഎയുടെ വരവ് ജില്ലയിൽ ലഹരിമാഫിയയുടെ വിപണി സജീവമാക്കിയതായാണ് പൊലീസിന്റെ നിഗമനം.