റിഫ മെഹ‍്‍നുവിന്റെ ദുരൂഹ മരണം; ഭർത്താവ് മെഹ്‍നാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

0
233

കൊച്ചി: മലയാളി വ്ളോഗർ റിഫ മെഹ‍്‍നുവിന്റെ (Vlogger Rifa Mehnu)ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മെഹ‍്‍നാസ് മൊയ്തുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ജാമ്യ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വിധി പറയും. മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് മെഹ‍്‍നാസിനെതിരെ കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ മെഹ‍്‍നാസ് മൊയ്തു ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.

ചോദ്യം ചെയ്യലിന്  ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സാഹചര്യത്തിലാണ് അന്വേഷണം സംഘം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. മൊഴിയെടുക്കുന്നതിന് വേണ്ടി അന്വേഷണ സംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹനാസിനെ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുകയായിരുന്നു.

മാർച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്‍നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഖബര്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ  വ്യക്തമാക്കിയിരുന്നു. എന്നാൽ മെഹ്‍‍നാസിന്റെ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് റിഫയും മെഹ്‍നാസും പരിചയപ്പെട്ടത്. വിവാഹിതരായ ഇരുവരും ജനുവരിയിലാണ് ദുബായിലെത്തിയത്. അവിടെ ഒരു പർദ്ദ കമ്പനിയിൽ റിഫയ്ക്ക് ജോലി ലഭിച്ചിരുന്നു. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്‍നാസ്. റിഫ കോഴിക്കോട് സ്വദേശിയും. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here