ദില്ലി: മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ്മയും ഗുലാം നബി ആസാദും പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തമായതോടെ കോണ്‍ഗ്രസ് ഞെട്ടലില്‍. വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ്, കശ്മീര്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഇരുവരും നിര്‍ണ്ണായക നീക്കം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ട് ആനന്ദ് ശര്‍മ്മ തള്ളിയെങ്കിലും ആശയ വിനിമയം നടന്നതായാണ് വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്.
ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടന്നെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുമ്പോഴും സൗഹൃദത്തിന്റെ വഴികളടയില്ലെന്ന ന്യായീകരണമാണ് ആനന്ദ് ശര്‍മ്മ കഴിഞ്ഞ ദിവസം നടത്തിയത്. നവംബറില്‍ നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കത്തിലാണ് ആനന്ദ് ശര്‍മ്മ. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയാല്‍ ഉയര്‍ത്തിക്കാട്ടാവുന്ന ഒരു മുഖമായി ആനന്ദ് ശര്‍മ്മയെ അവതരിപ്പിക്കാനാണ് ബിജെപിയും ആലോചിക്കുന്നത്.
ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബിജെപി പിന്തുണയോടെ ഗുലാം നബി ആസാദും കളംമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളെ പ്രാദേശിക വാദം ഉയര്‍ത്തി ആനന്ദ് ശര്‍മ്മ നേരിട്ടതെന്നതും ശ്രദ്ധേയമാണ്. ഇരുവരും ഹിമാചല്‍ സ്വദേശികളാണെന്നും സൗഹൃദത്തില്‍ എന്താണ് തെറ്റെന്നുമുള്ള ശര്‍മ്മയുടെ പ്രതികരണം കരുതലോടെയുള്ളതാണ്. കശ്മീര്‍ കേന്ദ്രീകരിച്ച് ചെറിയ പാര്‍ട്ടികളുമായി ഗുലാം നബി ആസാദും ചര്‍ച്ചകളിലാണ്.
ശര്‍മ്മയും, ഗുലാം നബി ആസാദും കളം മാറിയേക്കുമെന്ന അഭ്യൂഹത്തെ കോണ്‍ഗ്രസ് നേതൃത്വവും തള്ളുന്നില്ല. നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ആനന്ദ് ശര്‍മ്മയും, ഗുലാം നബി ആസാദും വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ്. രാഹുല്‍ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ മിക്ക കോണ്‍ഗ്രസ് നേതാക്കളും തെരുവിലിറങ്ങിയപ്പോള്‍ പ്രതിഷേധങ്ങളില്‍ നിന്ന് ഇരുനേതാക്കളും അകലം പാലിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്.
രാഹുലിന് അനുകൂലമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഒഴിഞ്ഞുമാറി. പരസ്പരം ചര്‍ച്ച വേണ്ടെന്ന് ഇരുകൂട്ടരും നിലപാടെടുക്കുന്നതോടെ നിര്‍ണ്ണായകമായ നീക്കങ്ങളാകും വരാനിരിക്കുന്ന ദിവസങ്ങളില്‍ നടക്കുകയെന്ന് ഉറപ്പായിരിക്കുകയാണ്. ഇതിനിടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. യുപിയിൽ പ്രതിപക്ഷത്തുള്ള മുന്ന് ചെറിയ പാർട്ടികൾ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ യോഗം നാളെ ദില്ലിയിൽ ചേരും.
യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രതിപക്ഷം തീരുമാനിച്ചപ്പോൾ 21 പാർട്ടികളുടെ പിന്തുണയുണ്ടായിരുന്നു. അരവിന്ദ് കെജ്‍രിവാളിന്റെ പിന്തുണ ഉണ്ടെന്നും ശരദ് പവാർ അറിയിച്ചിരുന്നു. എന്നാൽ ഝാർഖണ്ട് മുക്തി മോർച്ച പിന്നീട് കൊഴിഞ്ഞുപോയി. മമത ബാനർജിയും തണുപ്പൻ നിലപാടിലാണ്. അരവിന്ദ് കെജ്‍രിവാൾ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. യുപിയിൽ ഇന്നലെ മൂന്ന് ചെറിയ പാർട്ടികൾ ദ്രൗപദി മുർമുവിന് വോട്ടു ചെയ്യുമെന്ന് അറിയിച്ചു.
അഖിലേഷ് യാദവുമായി തെറ്റിയ മുലായം സിംഗ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവ് യോഗി ആദിത്യനാഥ് വിളിച്ച യോഗത്തിൽ പങ്കെടുത്തു. എസ്‍പിയുടെ സഖ്യകക്ഷിയായിരുന്ന ഓംപ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ്‍പിയും കൂറുമാറി. രാജാ ഭയ്യയുടെ ജൻസത്ത ദളിന്റെ രണ്ട് എംഎൽഎമാരും എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യും എന്നറിയിച്ചു. ടിആർഎസ്, യശ്വന്ത് സിൻഹയ്ക്കൊപ്പം ഉറച്ചു നിൽക്കുന്നത് മാത്രമാണ് ഇപ്പോൾ പ്രതിപക്ഷത്തിന് ആശ്വാസം.
ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിലും തീരുമാനം നീളുകയാണ്. അതേസമയം ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് എൻഡിഎ ക്യാമ്പ്. നാളെ എൻഡിഎ എംപിമാരുടെ യോഗം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരും. എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ രണ്ട് ദിവസത്തിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ബിജെപിക്ക് ഒറ്റയ്ക്ക് ജയിക്കാമെങ്കിലും എൻഡിഎ നേതാക്കളുമായി ഇക്കാര്യത്തിൽ ആലോചന തുടങ്ങിയതായാണ് സൂചന.