മംഗളുരു: സുള്ള്യ ബെല്ലാരെയിലെ യുവമോർച്ച നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട പ്രവീൺ നട്ടാരുവിന്‍റെ നാട്ടുകാരായ ഏഴു പേരെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ പ്രവീൺ കൊലക്കേസുമായി എസ്.ഡി.പി.ഐയ്ക്ക് ബന്ധമില്ലെന്നും നിരപരാധികളെ പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിക്കുകയാണെന്നും നേതൃത്വം ആരോപിച്ചു.
അതിനിടെ പ്രവീണിന്റെ കൊലപാതകം കനയ്യ ലാലിന്റെ കൊലപാതകത്തെ അപലപിച്ച് പോസ്റ്റ് ഇട്ടതിന് പ്രതികാരം എന്ന് സൂചന കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ജൂൺ 29 നാണ് മതമൗലികവാദത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രവീൺ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കൊലപാതകത്തിന് പിന്നിൽ മതമൗലിക ശക്തികൾക്ക് പങ്കുണ്ടെന്ന നിഗമനത്തിലേക്കാണ് കർണാടക പൊലീസ് എത്തുന്നത്. അതുകൊണ്ടുതന്നെ കേസ് അന്വേഷണം എൻ. ഐ.എ ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.
യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഇതേത്തുടർന്ന് ബെല്ലാരിയിലെ പുത്തൂർ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു കൊലപാതകം. പ്രവീണ്‍ നട്ടാരു (32) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. പ്രവീണിന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഇറച്ചിക്കടയ്ക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം.
അതിനിടെ പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകത്തിൽ 15 പേരെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിലും പരിശോധന നടക്കുന്നുണ്ട്. കർണാടക പോലീസിന്റെ പ്രത്യേക സംഘമാണ് കേരള പൊലീസുമായി സഹകരിച്ച് പരിശോധന നടത്തുന്നത്.
യുവമോർച്ചാ ജില്ലാ കമ്മിറ്റി അംഗവും സാമൂഹിക, രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു പ്രവീണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.