ജനീവ: ജനങ്ങളെ ദുരിതത്തിലാക്കിയ കൊവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. ലോകത്തൊട്ടാകെ വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളം വർദ്ധിച്ചുവെന്ന് ഇവർ പറയുന്നു.
വൈറസ് സ്വതന്ത്രമായി വിഹരിക്കുകയാണെന്നും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ രാജ്യങ്ങൾ കൊവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നില്ലെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ‍്രോസ് അഥാനം ഗെബ്രീഷ്യസ് പറഞ്ഞു. രോഗം മാറിയ ശേഷം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കെെകാര്യം ചെയ്യുന്നതിലും അപാകതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലോംഗ് കൊവിഡിനെക്കുറിച്ചായിരുന്നു മേധാവിയുടെ പ്രസ്‌താവന.
‘കൊവിഡ് കേസുകൾ തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ഇത് ആരോഗ്യസംവിധാനത്തെ കൂടുതൽ സമ്മർദത്തിലാക്കുകയാണ്. കൊവിഡ് അവസാനിക്കാറായിട്ടില്ലെന്നാണ് പുതിയ തരംഗത്തിന്റെ വ്യാപനത്തിൽ നിന്നും മനസിലാകുന്നത്. മാസ്‌ക് ശീലമുൾപ്പെടെ തുടരണം. ടെസ്റ്റുകളും അതിനനുസരിച്ച ചികിത്സയും വേണം’ – ടെഡ‍്രോസ് അഥാനം പറഞ്ഞു.
ഇന്ത്യയിലും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 16,903 പുതിയ കേസുകളും 45 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. 45 കൊവിഡ് മരണങ്ങളിൽ 17 എണ്ണവും കേരളത്തിലാണ്.