മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം കുറഞ്ഞു; പ്രവാസി പണത്തില്‍ കേരളം പിന്നിലേക്ക്,കുതിച്ച് മഹാരാഷ്ട്ര

0
291

മുംബൈ: ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കുടിയേറ്റം കുറയുന്നതായി റിപ്പോര്‍ട്ട്. വിദേശകാര്യമന്ത്രാലയത്തിലെ എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ കണക്കുപ്രകാരം ജി.സി.സി. രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം 2015-ലെ 7.6 ലക്ഷത്തില്‍നിന്ന് 2020-ല്‍ 90,000 ആയി ചുരുങ്ങി. അതേസമയം, അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പുര്‍പോലുള്ള വികസിതരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൂടുകയും ചെയ്തു.

2020-ല്‍ ഗള്‍ഫിലേക്കുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ പകുതിയും ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നായിരുന്നു. തൊഴിലിനായുള്ള കുടിയേറ്റത്തിലെ ഈ മാറ്റം പ്രവാസികള്‍ രാജ്യത്തേക്കയക്കുന്ന പണത്തിന്റെ വിതരണത്തിലും വലിയ മാറ്റമുണ്ടാക്കി. റിസര്‍വ് ബാങ്കിന്റെ ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നിവയുള്‍പ്പെട്ട ജി.സി.സി. രാജ്യങ്ങളിലുണ്ടായിട്ടുള്ള തൊഴില്‍രംഗത്തെ മാറ്റം ഏറ്റവുമധികം ബാധിച്ചത് കേരളത്തെയാണ്. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസിപ്പണം കുത്തനെ ഇടിയാന്‍ ഇതു കാരണമായി. അഞ്ചുവര്‍ഷംകൊണ്ട് പകുതിയോളമാണ് കുറഞ്ഞത്. 2016-17-ല്‍ രാജ്യത്തെത്തുന്നതിന്റെ 19 ശതമാനം പ്രവാസിപ്പണവും കേരളത്തിലേക്കായിരുന്നു. 2020-21-ല്‍ ഇത് 10.2 ശതമാനമായി ചുരുങ്ങി. അതേസമയം, മഹാരാഷ്ട്രയുടെ വിഹിതം 2016-17-ലെ 16.7 ശതമാനത്തില്‍നിന്ന് 35.2 ശതമാനത്തിലേക്കുയര്‍ന്നു. കേരളത്തെ രണ്ടാമതാക്കി മഹാരാഷ്ട്ര മുന്നിലെത്തി.

പരമ്പരാഗതരീതി മാറുന്നു

പരമ്പരാഗതമായി കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികള്‍ കൂടുതല്‍ പണമയച്ചിരുന്നത്. ഇപ്പോള്‍ മൂന്നു സംസ്ഥാനങ്ങളുടെയും ചേര്‍ന്നുള്ള വിഹിതം 25.1 ശതമാനംമാത്രമാണ്. 2016-ലെ 42 ശതമാനത്തില്‍നിന്നാണ് ഈ നിലയിലേക്കു വീണത്. ഇപ്പോള്‍ മഹാരാഷ്ട്രയ്ക്കുമാത്രമായി 35.2 ശതമാനം വിഹിതമുണ്ട്. കോവിഡ് കാലത്ത് ഗള്‍ഫ് നാടുകളിലുണ്ടായ തൊഴില്‍നഷ്ടം, സാമ്പത്തികപ്രതിസന്ധി, സൗദി, കുവൈത്ത്, ഖത്തര്‍പോലുള്ള രാജ്യങ്ങളില്‍ തൊഴില്‍രംഗത്ത് തദ്ദേശവത്കരണം നടപ്പാക്കല്‍, അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പുര്‍പോലുള്ള വികസിതരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ വര്‍ധന തുടങ്ങിയവയെല്ലാം ഈ മാറ്റത്തിനു കാരണമായിട്ടുണ്ടെന്ന് പഠനം നിരീക്ഷിക്കുന്നു.

തൊഴില്‍ തദ്ദേശവത്കരിക്കല്‍കാരണം ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം കുറഞ്ഞിട്ടുണ്ട്. സൗദിയിലേക്കുള്ള എമിഗ്രേഷന്‍ 2015-ലെ 3.1 ലക്ഷത്തില്‍നിന്ന് 2020-ല്‍ 40,000 ആയി കുറഞ്ഞു. യു.എ.ഇ.യിലേക്കുള്ളത് 2.3 ലക്ഷത്തില്‍നിന്ന് 20,000 ആയും ചുരുങ്ങി. 2021-ല്‍ സ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ട്.

എന്നാല്‍, ഏതാനും വര്‍ഷങ്ങളായി യു.പി., ബിഹാര്‍, ഒഡിഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് ഈ രാജ്യങ്ങളിലേക്ക് കുടിയേറ്റം കൂടുതല്‍. 2020-ല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചതില്‍ പകുതിയും ഈ സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു. എന്നാല്‍, ഇവര്‍ വളരെ കുറച്ച് പണമാണ് അയക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2016-17 സാമ്പത്തികവര്‍ഷം പ്രവാസി പണം വരവില്‍ 50 ശതമാനവും ജി.സി.സി. രാജ്യങ്ങളില്‍നിന്നായിരുന്നു. 2020-21-ലിത് 30 ശതമാനമായി കുറഞ്ഞു. 23 ശതമാനം വിഹിതവുമായി യു.എ.ഇ.യെ പിന്തള്ളി അമേരിക്ക മുന്നിലെത്തുകയും ചെയ്തു. നേരിട്ടുള്ള വിദേശനിക്ഷേപം കഴിഞ്ഞാല്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ടില്‍ ഏറ്റവും കൂടുതല്‍ വിദേശനാണ്യം വരുന്ന രണ്ടാമത്തെ സ്രോതസ്സാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here