ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സ്! ബുമ്രയ്ക്ക് ലോക റെക്കോര്‍ഡ്; മറികടന്നത് ലാറ ഉള്‍പ്പെടെയുള്ള താരങ്ങളെ- വീഡിയോ

0
329

എഡ്ജ്ബാസ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ (Stuart Broad) ലോക റെക്കോര്‍ഡുമായി ജസ്പ്രിത് ബുമ്ര (Jasprit Bumrah). എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സാണ് താരം അടിച്ചെടുത്തത്. ടെസ്റ്റില്‍ ഒരോവറില്‍ ഇത്രയും റണ്‍സ് പിറക്കുന്നത് ഇതാദ്യം. ആദ്യ പന്തില്‍ തന്നെ ബുമ്ര ബൗണ്ടറി നേടി. രണ്ടാം പന്ത് കീപ്പര്‍ തലയ്ക്ക് മുകളിലൂടെ പറന്നപ്പോള്‍ വൈഡുള്‍പ്പെടെ കിട്ടിയത് അഞ്ച് റണ്‍സ്. മൂന്നാം പന്ത് നോബോള്‍. എന്നാല്‍ എഡ്ജായ പന്ത് സിക്‌സ് കണ്ടെത്താന്‍ ബുമ്രയ്ക്കായി. അടുത്ത മൂന്ന് പന്തില്‍ തുടര്‍ച്ചയായ ബൗണ്ടറികള്‍. പിന്നീടൊരു സിക്‌സ്. അവസാന പന്തില്‍ ഒരു റണ്‍സും കിട്ടിയതോടെ ഇന്ത്യ 35 റണ്‍സ് അടിച്ചെടുത്തു. വീഡിയോ കാണാം…

സാക്ഷാല്‍ ബ്രയാന്‍ ലാറ (Brian Lara) ഉള്‍പ്പെടെയുള്ള താരങ്ങളെയാണ് ബുമ്ര മറികടന്നത്. 2003ല്‍ ദക്ഷിണാഫ്രിക്കാന്‍ താരം റോബിന്‍ പീറ്റേഴ്‌സണെതിരെയാണ് വിന്‍ഡീസ് ഇതിഹാസം ലാറ നേടിയ 28 റണ്‍സ് നേടിയിരുന്നു. മറ്റുരണ്ട് താരങ്ങള്‍ കൂടി ഒരോവറില്‍ 28 റണ്‍സ് നേടിയിട്ടുണ്ട്. 2013ല്‍ ജോര്‍ജ് ബെയ്‌ലി ജയിംസ് ആന്‍ഡേഴ്‌സണിന്റെ ഒരോവറില്‍ 28 അടിച്ചെടുത്തിരുന്നു. 2020ല്‍ ജോ റൂട്ടിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജും 28 റണ്‍സ് നേടി.

ബുമ്രയുടെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ 400 റണ്‍സ് മറികടന്നിരുന്നു. 16 പന്ത് നേരിട്ട ബുമ്ര 31 റണ്‍സാണ് നേടിയത്. നേരത്തെ റിഷഭ് പന്ത് (146), രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 416 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ജഡേജ- പന്ത് സഖ്യം 222 റണ്‍സ് നേടിയിരുന്നു. ഏഴിന് 338 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. ഇന്ന് 78 റണ്‍സാണ് ഇന്ത്യന്‍ താരങ്ങള്‍ കൂട്ടിചേര്‍ത്തത്. ജഡേജയുടെ സെഞ്ചുറി തന്നെയായിരുന്നു പ്രധാന സവിശേഷത. അദ്ദേത്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയായിരുന്നത്.

13 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്. ജഡേജ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ മുഹമ്മദ് ഷമി (16) മടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ പുറത്താവുകയായിരുന്നു താരം. അധികം വൈകാതെ ജഡേജയും പവലിയനില്‍ തിരിച്ചെത്തി. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ജയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ജസ്പ്രിത് ബുമ്ര (31), മുഹമ്മദ് സിറാജ് (2) സഖ്യമാണ് സ്‌കോര്‍ 400 കടത്തിയത്. ബ്രോഡിന്റെ ഒരു ഓവറില്‍ എക്സ്ട്രാ ഉള്‍പ്പെടെ 35 റണ്‍സാണ് പിറന്നത്. രണ്ട് സിക്സും മൂന്ന് ഫോറും ബുമ്ര അടിച്ചെടുത്തത്. അടുത്ത ഓവറില്‍ സിറാജ് പുറത്തായതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് മഴയെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ ഒന്നിന് 16 എന്ന നിലയിലാണ്. അലക്‌സ് ലീസിന്റെ (6) വിക്കറ്റാണ് നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സാക് ക്രൗളി (7), ഒല്ലി പോപ് (0) എന്നിവരാണ് ക്രീസില്‍.

LEAVE A REPLY

Please enter your comment!
Please enter your name here