അഭിനയലോകം ഉപേക്ഷിച്ച് ആത്മീയ ജീവിതം തിരഞ്ഞെടുക്കുന്നുവെന്ന ബോളിവുഡ് നടി സന ഖാന്റെ (Sana Khan)പ്രഖ്യാപനം ആരാധകർ അൽപം ഞെട്ടലോടെയായിരുന്നു കേട്ടത്. ഇൻസ്റ്റഗ്രാമിൽ അതുവരെയുണ്ടായിരുന്ന ഗ്ലാമറസ് ഫോട്ടോകളെല്ലാം നീക്കം ചെയ്ത് ഹിജാബും ബുർഖയും ധരിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ സന ഖാൻ തന്റെ നിലപാട് കൂടുതൽ വ്യക്തമാക്കി.
സിനിമകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായി നിൽക്കുന്ന സമയത്തായിരുന്നു സന ഖാന്റെ പ്രഖ്യാപനം. ആത്മീയതയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് ഇൻസ്റ്റഗ്രാമിലെ പുതിയ വീഡിയോയിൽ സന വ്യക്തമാക്കുന്നു.
അഭിനയ ലോകം ഉപേക്ഷിച്ചതിനു പിന്നാലെ സന ഖാൻ വിവാഹിതയായി. 2020 ലാണ് മുഫ്തി അനസ് സയ്യിദുമായുള്ള സനയുടെ വിവാഹം. ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങളും ആത്മീയ യാത്രകളുമെല്ലാം സന ഖാൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.
പുതിയ വീഡിയോയിൽ താൻ എന്തുകൊണ്ട് സിനിമയും മുൻകാല ജീവിതവും ഉപേക്ഷിച്ചുവെന്ന് സന പറയുന്നു. കഴിഞ്ഞ ജീവിതത്തിൽ തനിക്ക് പേരും പ്രശസ്തിയും പണവും എല്ലാം ഉണ്ടായിരുന്നെങ്കിലും എന്തോ കുറവ് അനുഭവപ്പെട്ടിരുന്നതായി സന പറയുന്നു.
കഴിഞ്ഞ ജീവിതത്തിൽ എനിക്ക് പേരും പ്രശസ്തിയും പണവും എല്ലാം ഉണ്ടായിരുന്നു. എന്താഗ്രഹിച്ചാലും അത് ചെയ്യാൻ കഴിഞ്ഞിരുന്നു. പക്ഷേ, മനസമാധാനം ഉണ്ടായിരുന്നില്ല”.
എല്ലാം ഉണ്ടായിട്ടും എന്തുകൊണ്ട് താൻ സന്തോഷവതിയല്ലെന്ന് ഒരുപാട് ആലോചിച്ചു. വളരെ കഠിനമായ കാലമായിരുന്നു അത്. വിഷാദം ബാധിച്ചു. ദൈവം തനിക്കായി സൂചനകൾ തരുന്നതായി തോന്നിയ നാളുകളായിരുന്നു.
2019 ലാണ് തന്റെ ജീവിതം മാറിയതെന്ന് സന പറയുന്നു. 2019 ലെ റമദാൻ കാലത്ത് സ്വപ്നത്തിൽ സ്ഥിരമായി ശവക്കുഴി പ്രത്യക്ഷപ്പെടും. കത്തിജ്വലിക്കുന്ന ശവക്കുഴിയിൽ തന്നെ തന്നെയായിരുന്നു കണ്ടിരുന്നത്. ജീവിതത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ തന്റെ അവസാനം ഇങ്ങനെയായിരിക്കുമെന്ന് ദൈവം മുന്നറിയിപ്പ് നൽകിയതാണെന്ന് തോന്നി. അൽപം പേടിപ്പിക്കുന്നതായിരുന്നു അത്.
തനിക്ക് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരുന്നത് ഇപ്പോഴും വ്യക്തമായി ഓർക്കുന്നു. പ്രചോദനാത്മകമായ എല്ലാ ഇസ്ലാമിക പ്രഭാഷണങ്ങളും കേൾക്കുമായിരുന്നു. ഒരു രാത്രി ഏറ്റവും മനോഹരമായ ഒരു വാക്യം വായിച്ചത് ഇന്നും ഓർക്കുന്നു.
“നിങ്ങളുടെ അവസാന ദിവസം ഹിജാബ് ധരിക്കുന്നതിന്റെ ആദ്യ ദിവസമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല” എന്നായിരുന്നു സന്ദേശം. ആ വാക്യം ഹൃദയത്തിൽ സ്പർശിച്ചു. ഇനിയുള്ള ജീവിതത്തിൽ ഹിജാബ് നീക്കം ചെയ്യില്ലെന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. അടുത്ത ദിവസം എന്റെ പിറന്നാളായിരുന്നു.
ധാരാളം സ്കാർഫ് ആ സമയത്ത് താൻ വാങ്ങാറുണ്ടായിരുന്നു. സ്കാർഫ് ധരിച്ച് ഇനിയൊരിക്കലും ഇത് നീക്കം ചെയ്യില്ലെന്ന് സ്വയം തീരുമാനമെടുത്തു.
തനിക്കുണ്ടായ മാറ്റത്തിൽ വളരെ സന്തോഷവതിയാണെന്നും ഇനിയൊരു തിരിച്ചു പോക്കോ ഹിജാബ് നീക്കം ചെയ്യുകയോ ഇല്ലെന്നും സന പറയുന്നു.