ന്യൂദല്‍ഹി: ബീഫ് ഇറക്കുമതി പുനരാരംഭിക്കണമെന്ന് ബംഗ്ലാദേശിനോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യ.
പ്രാദേശിക കന്നുകാലി കര്‍ഷകരെ സംരക്ഷിക്കാനും ഗാര്‍ഹിക കന്നുകാലി മേഖലയെ മെച്ചപ്പെടുത്താനും വേണ്ടിയായിരുന്നു ഇന്ത്യയില്‍ നിന്ന് എരുമ മാംസം ഉള്‍പ്പെടെയുള്ള ശീതീകരിച്ച മാംസം ഇറക്കുമതി ചെയ്യുന്നത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ത്തിയത്.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധാക്കയിലെ ഇന്ത്യന്‍ എംബസി ഫിഷറീസ്, കന്നുകാലി മന്ത്രാലയത്തിന് കത്തയച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാണിജ്യ മന്ത്രാലയം 2022 ഏപ്രിലില്‍ പുറത്തിറക്കിയ ഇറക്കുമതി നയം-2021-24 വിജ്ഞാപനമനുസരിച്ച് ശീതീകരിച്ച എരുമ (പോത്ത്) മാംസം ഉള്‍പ്പെടെയുള്ള ഇറച്ചി ഇറക്കുമതി ചെയ്യുന്നതിന് കന്നുകാലി വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് കത്തില്‍ പറയുന്നു.
ഇറക്കുമതി നയത്തില്‍ വന്ന മാറ്റം കാരണം തങ്ങളുടെ ബിസിനസുകളെ ബാധിക്കുന്ന തരത്തില്‍ ശീതീകരിച്ച കാള ഇറച്ചിയുടെ ഇറക്കുമതി കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്നിട്ടില്ലെന്നും വ്യാപാരികള്‍ പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നുളള മാംസത്തിന്റെ ഏറ്റവും വലിയ ആഗോള കയറ്റുമതിക്കാരാണ് ഇന്ത്യന്‍ കമ്പനികള്‍ എന്നാണ് കത്തില്‍ പറയുന്നത്. ബംഗ്ലാദേശ് ഇപ്പോള്‍ മാംസ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തമാണ്. എന്നാല്‍ 14 രാജ്യങ്ങളില്‍ നിന്ന് ഇനം ഇറക്കുമതി ചെയ്യുന്നതിന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 2.5 മില്യണ്‍ യു.എസ് ഡോളര്‍ ചെലവഴിച്ചുവെന്നും ചില ആഡംബര ഹോട്ടലുകളും മാംസം ഇറക്കുമതി ചെയ്യുന്നുവെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
കന്നുകാലി സേവന വകുപ്പിന്റെ (ഡി.എല്‍.എസ്) കണക്കനുസരിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 8.44 ദശലക്ഷം ടണ്ണിലധികം മാംസം ഉത്പാദിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ബംഗ്ലാദേശ് 14 രാജ്യങ്ങളില്‍ നിന്ന് മാംസം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ, എത്യോപ്യ, ഫ്രാന്‍സ്, കൊറിയ, തായ്ലന്‍ഡ്, ചൈന, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), യു.എസ്.എ, പാകിസ്ഥാന്‍, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.