ബാഗിൽ എന്താ ? ബോംബ് ഒന്നുമില്ല! ചോദ്യവും ഉത്തരവും കഴിഞ്ഞയുടൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ പൊലീസിന് കൈമാറി, വിമാനവും വൈകി

0
243

തിരുവനന്തപുരം: വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ ബാഗിൽ എന്താണുള്ളതെന്ന് ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥനോട് അരിശം മൂത്ത് ബാഗിൽ ബോംബ് ഒന്നുമില്ലെന്ന് മറുപടി പറഞ്ഞയാളെ സി.ഐ.എസ്.എഫ് പിടികൂടി പൊലീസിന് കൈമാറി. വെഞ്ഞാറമൂട് സ്വദേശി പ്രദീപ് പ്രസന്നനെയാണ് വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകിട്ട് 6.45ഓടെ അന്താരാഷ്ട്ര ടെർമിനലിലായിരുന്നു സംഭവം. 8.30നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബയിലേക്ക് പോകാനെത്തിയതായിരുന്നു പ്രദീപ്. ചെക്ക് ഇൻ നടക്കുന്ന സമയത്ത് ബാഗിലെന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ ചോദിച്ചു. ക്ഷുഭിതനായ പ്രദീപ് ബാഗിൽ ബോംബൊന്നുമില്ലെന്ന് പറഞ്ഞു. ഉടൻ തന്നെ ഉദ്യോഗസ്ഥൻ വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതലയുള്ള സി.ഐ.എസ്.എഫിനെ വിവരമറിയിച്ചു.

അവർ പ്രദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാളുടെ ബാഗുകൾ ബോംബ് സ്‌ക്വാഡും വിശദമായി പരിശോധിച്ചു. എന്നാൽ, സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ല. ഭീഷണി മുഴക്കിയതിന് ഇയാളെ വലിയതുറ പൊലീസിന് കൈമാറി. സംഭവത്തെ തുടർന്ന് വിമാനം വൈകിയാണ് യാത്ര പുറപ്പെട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here