അബുദാബി: ബലിപെരുന്നാള്‍ വാരാന്ത്യത്തോട് അനുബന്ധിച്ച് കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി. ബലിപെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി പിസിആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണം. മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പെരുന്നാള്‍ നമസ്‌കാരവും ഖുതുബയും 20 മിനിറ്റിനകം പൂര്‍ത്തിയാക്കണം. പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ നമസ്‌കാര പായ (മുസല്ല) കൊണ്ടുവരണം. മാസ്‌ക് ധരിക്കുകയും ഒരു മീറ്റര്‍ അകലം പാലിക്കുകയും വേണം. ഹസ്തദാനമോ ആലിംഗനമോ പാടില്ല. ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂലൈ എട്ടു മുതല്‍ 11-ാം തീയതി വരെ അവധിയാണ്.