കോലഞ്ചേരി: പട്ടിമറ്റത്ത് തെരുവുനായ്ക്കളെ കാണാതായി. ഇരുപതോളം നായ്ക്കളാണ് ഇവിടെനിന്ന് അപ്രത്യക്ഷമായത്. ഹോട്ടലുകളില്‍നിന്നുകിട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിച്ചായിരുന്നു ഇവയുടെ വാസം.
ഇവയെ കാണാതായതോടെ നടത്തിയ അന്വേഷണത്തില്‍ കോട്ടായില്‍ കുടുംബക്ഷേത്രത്തിന് പിന്നിലെ റബ്ബര്‍ തോട്ടത്തില്‍നിന്ന് സൊസൈറ്റി റോഡിലേക്ക് കടക്കുന്ന നടപ്പുവഴിയില്‍ പ്‌ളാസ്റ്റിക് കയര്‍ കൊണ്ടുണ്ടാക്കിയ നിരവധി കുടുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താനായിട്ടില്ല. പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ സംഘടനയായ അനിമല്‍ ലീഗല്‍ ഫോഴ്‌സാണ് കുന്നത്തുനാട് പോലീസില്‍ പരാതി നല്‍കിയത്.
ജില്ലയിലെ ചില മേഖലകളില്‍ ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി വില്‍ക്കുന്നുവെന്ന ആരോപണം നിലനില്‌ക്കെയാണ് നായ്ക്കളെ കൂട്ടത്തോടെ കാണാതായതെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. ഹോട്ടലുകളിലേക്ക് ഇറച്ചിയായി ഉപയോഗിക്കാനാണ് തെരുവുനായ്ക്കളെ പിടികൂടുന്നതെന്ന ആരോപണമാണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്.കുന്നത്തുനാട് പോലീസ് അന്വേഷണം തുടങ്ങി.
പട്ടിമറ്റം, കിഴക്കമ്പലം മേഖലയില്‍ വ്യാപകമായി നാഗാലാന്‍ഡ് സ്വദേശികള്‍ താമസിക്കുന്നുണ്ട്. ഇവര്‍ പട്ടിയിറച്ചി ഉപയോഗിക്കുന്നവരാണ്. ഇവര്‍ക്കുവേണ്ടി കൂട്ടക്കുരുതി ചെയ്തതാണോയെന്നും പോലീസിന് സംശയമുണ്ട്. ഇഷ്ട വിഭവം ചെറിയ വിലയ്ക്ക് അവര്‍ക്ക് നല്കുന്നതിനാണ് കുടുക്കില്‍ പട്ടിയെ കുരുക്കുന്നതെന്നും പറയുന്നു.