നാട്ടിലേയ്‌ക്കുള്ള ഗൾഫ് പണത്തിന്റെ ഒഴുക്ക് കുറയുന്നു; ​മലയാളികൾക്കിപ്പോൾ നോട്ടം മറ്റൊരു രാജ്യത്തിൽ,​ പ്രവാസിപ്പണം കൂടുതൽ വരുന്നതും ഇവിടെ നിന്ന്

0
106

മുംബയ്: കൊവിഡ് പ്രതിസന്ധി ആഞ്ഞടിച്ച 2020-21 സാമ്പത്തികവർഷം മലയാളികളടക്കം ഇന്ത്യൻ പ്രവാസികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണമൊഴുക്ക് കുത്തനെ കുറഞ്ഞുവെന്ന് റിസർവ് ബാങ്കിന്റെ പഠനറിപ്പോർട്ട്. കൊവിഡിൽ ഗൾഫിൽ തൊഴിലിനായുള്ള ‘കുടിയേറ്റം’ കുറഞ്ഞതും ഇന്ത്യക്കാർ ഏറെയുള്ള അസംഘടിതമേഖല സമ്പദ്‌പ്രതിസന്ധി നേരിട്ടതുമാണ് തിരിച്ചടിയായത്.

2016-17ൽ ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസിപ്പണമൊഴുക്കിൽ 50 ശതമാനം ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു. 2020-21ൽ ഇത് 30 ശതമാനത്തിലേക്ക് കുറഞ്ഞു. വികസിത രാജ്യങ്ങളായ ബ്രിട്ടൻ, അമേരിക്ക, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസിപ്പണമൊഴുക്ക് വിഹിതം 36 ശതമാനമായി ഇക്കാലയളവിൽ മെച്ചപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്. ഏറ്റവുമധികം പ്രവാസിപ്പണം വരുന്ന രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയെ പിന്തള്ളി 23 ശതമാനം വിഹിതവുമായി അമേരിക്ക ഒന്നാംസ്ഥാനവും നേടി. സർവേയിലെ കണ്ടെത്തലുകൾ അതിൽ ലേഖനമെഴുതിയവരുടെ വ്യക്തിപരമായ വീക്ഷണമാണെന്നും റിസർവ് ബാങ്കിന്റെ അഭിപ്രായമല്ലെന്നും റിപ്പോർട്ടിലുണ്ട്.

കേരളത്തെ പിന്തള്ളി മഹാരാഷ്‌ട്ര ഒന്നാമത്

ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന സംസ്ഥാനമെന്ന പട്ടം കേരളത്തിൽ നിന്ന് മഹാരാഷ്ട്ര കവർന്നെടുത്തു. കേരളത്തിന് പുറമേ മറ്റ് മുൻനിര സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവയുടെ സംയുക്തവിഹിതം പാതിയോളം ഇടിഞ്ഞ് 25 ശതമാനത്തിലെത്തിയതാണ് മഹാരാഷ്‌ട്രയ്ക്ക് നേട്ടമായത്. 35 ശതമാനത്തോളമാണ് 2020-21ൽ മഹാരാഷ്‌ട്രയുടെ പങ്ക്.

കേരളമടക്കം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഗൾഫിലേക്കുള്ള തൊഴിൽവീസയുടെ എണ്ണം കുറഞ്ഞപ്പോൾ ഉത്തർപ്രദേശ്, ബീഹാർ, ബംഗാൾ, ഒറീസ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ എണ്ണം ഉയർന്നു. 2020ൽ ഗൾഫിലേക്കുള്ള മൊത്തം തൊഴിൽ വീസയിൽ 50 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here