ജീവനക്കാരിൽ 80 ശതമാനത്തിലധികം ഹിന്ദുക്കൾ, യു പി ലുലു മാളിനെതിരെയുള്ള വ്യാജ പ്രതികരണങ്ങളിൽ വശംകെട്ട് അസാധാരണ വിശദീകരണവുമായി മാനേജ്‌മെന്റ്

0
272

ലക്‌നൗ : ഇരുപത് രാജ്യങ്ങളിൽ പ്രവർത്തനവും എട്ട് ബില്യൺ ഡോളർ വാർഷിക വിറ്റുവരവുമുള്ള ലുലു മാളിന്റെ യു പിയിലെ ലക്നൗവിലെ മാൾ അടുത്തിടെയാണ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. യു പി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മാൾ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ വിവാദങ്ങളിൽ പെടുകയായിരുന്നു. ആറ് ദിവസം മുമ്പ് പ്രചരിച്ച ഒരു വീഡിയോയിൽ ഒരു കൂട്ടം ആളുകൾ മാളിനുള്ളിൽ നിസ്‌കരിക്കുന്നതായി കണ്ടു, ഇതിന് പിന്നാലെ തീവ്ര ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വരികയും, രാമായണ പാരായണവും, ഹനുമാൻ ചാലിസയും മാളിനുള്ളിൽ ചൊല്ലുമെന്ന് അറിയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. പിന്നീട് മാളിനെതിരെ വർഗീയ ഉദ്ദേശത്തോടെയുള്ള പ്രചരണങ്ങളും ആരംഭിച്ചു. യു പിക്ക് പുറത്തുനിന്നുമുള്ള മുസ്ലീം സമുദായത്തിൽപ്പെട്ടവരെയാണ് മാളിൽ ജോലിയ്ക്കായി കൊണ്ടുവന്നിട്ടുള്ളതെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരണം. ഇതേ തുടർന്ന് മാൾ അധികൃതർ പ്രസ്താവന ഇറക്കിയിരിക്കുകയാണ്.

ലുലു മാൾ തികച്ചും ഒരു ബിസിനസ് സ്ഥാപനമാണെന്നും ജാതിയും വർഗവുമില്ലാതെ ബിസിനസ് നടത്തുന്നതായും ലുലു ഇന്ത്യ ഷോപ്പിംഗ് മാൾ പ്രൈവറ്റ് ലിമിറ്റഡിന്റെ റീജിയണൽ ഡയറക്ടർ ജയകുമാർ ഗംഗാധർ ഹിന്ദിയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ‘ചിലർ തങ്ങളുടെ സ്വാർത്ഥ താത്പ്പര്യങ്ങൾക്കായി ഞങ്ങളുടെ സ്ഥാപനത്തെ ലക്ഷ്യമിടാൻ ശ്രമിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്. ഞങ്ങളുടെ ജീവനക്കാരിൽ പ്രദേശവാസികളും യുപിയിൽ നിന്നും രാജ്യത്തുടനീളമുള്ള ആളുകളും ഉൾപ്പെടുന്നു. ഇവരിൽ 80 ശതമാനത്തിലധികം ഹിന്ദുക്കളും ബാക്കിയുള്ളവർ മുസ്ലീങ്ങളും ക്രിസ്ത്യാനികളും മറ്റുള്ളവരുമാണ്. ആരെയും മതപരമായ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ല. പൊതുസ്ഥലത്ത് പ്രാർത്ഥനയും നമസ്‌കാരവും നടത്താൻ ശ്രമിച്ചവർക്കെതിരെ മാൾ അഡ്മിനിസ്‌ട്രേഷൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഉപഭോക്താവാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം. ഞങ്ങളുടെ സ്ഥാപനം സർക്കാർ നിയമങ്ങൾ അനുശാസിക്കുന്ന പരിധിക്കുള്ളിൽ ബിസിനസ് ചെയ്യുന്നു. ഞങ്ങളുടെ ജീവനക്കാർ ഇവിടെയുള്ളത് ജാതിയുടെയും മതത്തിന്റെയും പേരിലല്ല, മറിച്ച് ജോലിയുടെ കാര്യക്ഷമതയുടെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ്, ഞങ്ങളെ ബിസിനസ് നടത്താൻ അനുവദിക്കുക’ എന്നിങ്ങനെയാണ് പ്രസ്താവനയിലൂടെ മാൾ അധികൃതർ നൽകുന്ന വിശദീകരണം.

നിക്ഷേപം ആകർഷിക്കുന്നതിൽ സർക്കാരിന്റെ നിരന്തരമായ വിജയത്തിൽ അസൂയയുള്ള സാമൂഹിക വിരുദ്ധരുടെ സൃഷ്ടിയാണ് ലുലു മാളിനെതിരെയുള്ള വ്യാജ പ്രചരണമെന്ന് യുപി ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് മന്ത്രി നന്ദ ഗോപാൽ ഗുപ്ത ഒരു ദേശീയ മാദ്ധ്യമത്തിനോട് പ്രതികരിച്ചു. നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യു പിയിലെ ലുലുമാളിലേക്ക് ജനം കൂട്ടമായി ഒഴുകുന്നതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബരാബങ്കി, ഉന്നാവോ, റായ്ബറേലി തുടങ്ങിയ ലക്നൗവിന് സമീപമുള്ള ജില്ലകളിൽ നിന്നുള്ള ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. ആളുകൾ മാളിനെ വിനോദസഞ്ചാര കേന്ദ്രത്തെ പോലെയാണ് കാണുന്നത്. ലുലു ഗ്രൂപ്പ് ഇന്ത്യയിൽ 10,000 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here