ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം വരുന്നത് യുഎഇയില്‍നിന്ന്; യുഎഇയില്‍ 35 ലക്ഷം ഇന്ത്യക്കാര്‍

0
283

ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയില്‍ നിന്ന് ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലേക്ക് (എഫ്.ഡി.ഐ.) ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) എന്ന് വിദേശമന്ത്രാലയത്തിന്റെ കണക്കുകള്‍. 2017 നും 2021 നും ഇടയില്‍ ഏകദേശം 6,488.35 ദശലക്ഷം ഡോളര്‍ യു.എ.ഇ.യില്‍നിന്ന് ഇന്ത്യയില്‍ നിക്ഷേപമായി എത്തിയിട്ടുണ്ട്. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യു.എ.ഇ.യില്‍ 35 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ട്. കഴിഞ്ഞ മാസങ്ങളില്‍ യു.എ.ഇ.യില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണമയയ്ക്കല്‍ നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.
യു.എ.ഇ. ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍, 5.5 ബില്യണ്‍ ഡോളര്‍ എഫ്.ഡി.ഐ. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിൽനിന്ന് വന്നു. സൗദി അറേബ്യയും ഇന്ത്യയില്‍ വിദേശ നിക്ഷേപത്തിന് ഗണ്യമായ സംഭാവന നല്‍കുന്ന രാജ്യമാണ്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം യു.എ.ഇ. 6488.55 മില്യണ്‍ യു.എസ്. ഡോളര്‍, സൗദി അറേബ്യ 3058 മില്യണ്‍, ഖത്തര്‍ 223.49 മില്യണ്‍, ബഹറിന്‍ 181.45 മില്യണ്‍, ഒമാന്‍ 109.25 മില്യണ്‍, കുവൈറ്റ് 37.91 മില്യണ്‍ യു.എസ്. ഡോളര്‍ എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിക്ഷേപിക്കുന്ന എഫ്.ഡി.ഐ.

2020 ജൂണ്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഇ.സി.ആര്‍. (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേര്‍ഡ്) രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുടെ കണക്കുകള്‍ യു.എ.ഇ.യില്‍ നിന്ന് 1,52,126, സൗദി അറേബ്യയില്‍ നിന്ന് 1,18,064, കുവൈറ്റില്‍ നിന്ന് 51,206, ഒമാനില്‍ നിന്ന് 46,003, ഖത്തറില്‍ നിന്ന് 32,361 എന്നിങ്ങനെയാണെന്ന് വിദേശകാര് മന്ത്രി പറഞ്ഞു. എമിഗ്രേറ്റ് പോര്‍ട്ടല്‍ അനുസരിച്ച്, 2020 ജനുവരി 1 മുതല്‍ 2022 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഇ.സി.ആ.ര്‍ രാജ്യങ്ങള്‍ക്കായി മൊത്തം 4,16,024 എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ. എന്നീ ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് 2020 ജൂണിനും 2021 ഡിസംബറിനും ഇടയില്‍ ജോലി ചെയ്യാന്‍ ഇന്ത്യയില്‍നിന്നും പോയവരുടെ എണ്ണം 1,41,172 ആണ്. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, യുഎഇ, സൗദി അറേബ്യ, ഇറാഖ്, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇറാന്‍ എന്നിവയുമായുള്ള വ്യാപാരം വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 18.25 ശതമാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here