എ കെ ജി സെന്റർ ആക്രമണം: ഡിയോ സ്കൂട്ടറുകാരെ വിട്ട് പടക്കക്കാരുടെ പിന്നാലെ കൂടി പൊലീസ്, കച്ചവ‌ടക്കാരെ വിളിച്ചു വരുത്തി

0
193

തിരുവനന്തപുരം: എ കെ ജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞയാളെ കണ്ടെത്താൻ കേരള പാെലീസ് സ്വീകരിക്കുന്നത് പുത്തൻ വഴികൾ. അക്രമിയെ കണ്ടെത്താൻ പടക്കനിർമ്മാതാക്കളെയും വിതരണക്കാരെയും വിളിച്ചുവരുത്തി പൊലീസ് വിവരം ശേഖരിച്ചുവെന്നാണ് റിപ്പോർട്ട്. അക്രമി സഞ്ചരിച്ചിരുന്ന ഡിയോ സ്കൂട്ടർ ആണെന്ന് വ്യക്തമായതോടെ തലസ്ഥാന ജില്ളയിൽ അത്തരം സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ നേരത്തേ ശേഖരിച്ചിരുന്നു. വ്യാപക വിമർശനമുണ്ടായ ഈ രീതിക്കുശേഷമാണ് പടക്ക കച്ചവടക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്.

ദീപാവലി സമയത്ത് പടക്ക കച്ചവടം നടത്തിയിരുന്നവരെയാണ് പ്രധാനമായും വിളിച്ചുവരുത്തിയത്. ഇവർക്കൊപ്പം ആരൊക്കെയാണ് ജോലിചെയ്തത്, അവരുടെ ഫോൺനമ്പരുകൾ, ഇവരിൽ സ്ഫോടക വസ്തുക്കൾ നിർമ്മിക്കാൻ അറിയാവുന്നവർ ഉണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത്. കച്ചവടം നടത്തിയിരുന്ന സമയത്തെ ലൈസൻസും ഹാജരാക്കണം.

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായ സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനുനേരെ ആക്രമണം നടന്നിട്ട് ആഴ്ചകൾ ആയെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനോ തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ല. ഇതിൽ പൊലീസും സർക്കാരും കടുത്ത പ്രതിരോധത്തിലാണ്. കോൺഗ്രസുകാരാണ് ആക്രമണം നടത്തിയതെന്നാണ് സി പി എം നേതാക്കൾ തുടക്കംമുതൽ പറഞ്ഞിരുന്നത്. ഇത് നിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു. ബോംബാണ് എറിഞ്ഞതെന്നാണ് സി പി എം നേതാക്കൾ തുടക്കത്തിൽ പറഞ്ഞതെങ്കിലും പൊലീസ് അന്വേഷണത്തിൽ ചെറിയ പടക്കംപോലുള്ള വസ്തുവാണ് പൊട്ടിയതെന്ന് വ്യക്തമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here