എകെജി സെന്റര്‍ ആക്രമണം: സംശയിച്ച് കസ്റ്റഡിയിലെടുത്ത ആളെ മറ്റൊരു കേസ് ചുമത്തി അറസ്റ്റ് ചെയ്തു

0
256

തിരുവനന്തപുരം: സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തയാളെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. എ.കെ.ജി. സെന്ററിനു നേരെ കല്ലെറിയുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അന്തിയൂര്‍ക്കോണം സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ റിജുവിന്റെ പേരില്‍ കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.

വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംശയത്തിന്റെ പേരില്‍ നിര്‍മാണത്തൊഴിലാളിയായ റിജുവിനെ കസ്റ്റഡിയിലെടുത്തത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ശനിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എന്നാല്‍, സംഭവദിവസം റിജു എ.കെ.ജി. സെന്ററിന് സമീപത്തെത്തിയിരുന്നു എന്നതിനുള്ള തെളിവൊന്നും കിട്ടിയിട്ടില്ല. ഫോണ്‍രേഖകള്‍ പരിശോധിച്ചതിലും ദുരൂഹമായതൊന്നും കണ്ടെത്താനായില്ല. ഒപ്പമുണ്ടായിരുന്നവരെ ചോദ്യംചെയ്‌തെങ്കിലും സംഭവംനടന്ന സമയത്ത് ഇയാള്‍ കാട്ടായിക്കോണത്തുതന്നെ ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച മൊഴികള്‍. ഇയാളുടെ വാഹനവും സ്‌ഫോടകവസ്തു എറിഞ്ഞയാളുടെ വാഹനവും വ്യത്യസ്തവുമാണ്.

എ.കെ.ജി. സെന്റര്‍ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. ആക്രമിക്കാനെത്തിയ ആള്‍ക്ക് സ്‌ഫോടകവസ്തു കൈമാറിയത് മറ്റൊരാളെന്നാണ് പോലീസ് പറയുന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. സ്‌ഫോടകവസ്തു എറിയുന്നതിന് തൊട്ടുമുമ്പ് സ്‌കൂട്ടറില്‍വന്ന മറ്റൊരാള്‍ ഒരുപൊതി അക്രമം നടത്തിയ ആള്‍ക്ക് കൈമാറുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്. കുന്നുകുഴി പരിസരത്തെ സി.സി.ടി.വി.യില്‍നിന്നാണ് ഇത് പോലീസിന് ലഭിച്ചതെന്നാണ് സൂചന. ചുവന്ന സ്‌കൂട്ടറിലാണ് അക്രമം കാട്ടിയ ആള്‍ എത്തിയത്.

ആക്രമണം നടത്തിയ ആള്‍ തന്നെയാണ് ആദ്യം സ്ഥലത്തത്തി നിരീക്ഷണം നടത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെക്കൂടി ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

70-ഓളം സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചു. സ്‌ഫോടകവസ്തു എറിഞ്ഞയാള്‍ ഇടറോഡുകളിലൂടെ മെഡിക്കല്‍ കോളേജ് ഭാഗത്തേക്കാണ് പോയതെന്ന് പോലീസ് പറയുന്നു. ഈ ഭാഗത്തെ റോഡുകള്‍ കൃത്യമായി അറിയുന്നയാളാണ് അക്രമിയെന്നും അന്വേഷണസംഘം സംശയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here