ഉദയ്പൂര്‍ കൊലപാതകം; പ്രതികള്‍ക്ക് ബിജെപി ബന്ധമെന്ന് റിപ്പോര്‍ട്ട്; ചിത്രം പുറത്ത്

0
316

ന്യൂഡല്‍ഹി: പ്രവാചക നിന്ദ ആരോപിച്ച് രാജസ്ഥാനില്‍ തയ്യല്‍കടക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ബിജെപി ബന്ധമെന്ന് റിപ്പോര്‍ട്ട്. പ്രതികളായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവര്‍ നേരത്തെ ബിജെപി ന്യൂനപക്ഷ സെല്ലില്‍ ചേരാന്‍ ശ്രമിച്ചിരുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും രാജസ്ഥാന്‍ ബിജെപി യൂണിറ്റുമായി അടുത്ത് പ്രവര്‍ത്തിക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികളിലൊരാളായ റിയാസ് അത്താരി വിശ്വസ്തര്‍ മുഖേന പാര്‍ട്ടി പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ല്‍ ഉംറക്ക് പോയി മടങ്ങിയെത്തിയ അദ്ദേഹത്തെ രാജസ്ഥാന്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച അംഗം ഇര്‍ഷാദ് ചെയിന്‍വാല സ്വാഗതം ചെയ്യുന്ന ചിത്രം ഇന്ത്യാ ടുഡേ പുറത്തുവിടുന്നു. പത്ത് വര്‍ഷത്തിലേറെയായി പ്രദേശിക ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് ചെയിന്‍വാല. ഉദയ്പൂരിലെ ബിജെപി പരിപാടികള്‍ക്ക് റിയാസ് അത്താരി പങ്കെടുക്കാറുണ്ടെന്നും ചെയിന്‍വാല സമ്മതിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

‘ചിത്രത്തില്‍ ഉള്ളത് ഞാന്‍ തന്നെയാണ്. ഉംറക്ക് പോയി തിരിച്ചെത്തിയ അദ്ദേഹത്തെ ഞാന്‍ ഹാരമണിയിച്ച് സ്വീകരിച്ചിരുന്നു. ബിജെപി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം മറ്റ് ചിലര്‍കൂടി എത്താറുണ്ട്. ബിജെപി നേതാവായ ഗുലാബ് ചന്ദ് കഠാരിയയുടെ നിരവധി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. റിയാസ് പലപ്പോഴും ആ പരിപാടികളില്‍ ക്ഷണിക്കാതെ വരുമായിരുന്നു. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ അദ്ദേഹം ബിജെപിയെ ശക്തമായി എതിര്‍ക്കുമായിരുന്നു.’ ഇര്‍ഷാദ് ചെയിന്‍വാല പറഞ്ഞു.

ബിജെപി പ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തികൊണ്ട് ഇര്‍ഷാദ് ചെയിന്‍വാല പറഞ്ഞ മുഹമ്മദ് താഹിര്‍ മുഖേനയാണ് റിയാസ് അത്താരി പാര്‍ട്ടി പരിപാടികള്‍ക്ക് എത്തിയിരുന്നത്. റിയാസുമായി താഹിറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ചെയിന്‍വാല പറഞ്ഞു. അതേസമയം വാര്‍ത്താ സംഘം താഹിറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here