ആവശ്യമെങ്കിൽ ‘യോ​ഗി ആദിത്യനാഥ് മാതൃക’ പിന്തുടരും; മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി

0
333

ബെംഗളൂരു: സംസ്ഥാനത്ത് ആവശ്യമെങ്കിൽ വർഗീയ ശക്തികളെ തടയാൻ സംസ്ഥാനത്ത് “യോഗി ആദിത്യനാഥ് മാതൃക” പിന്തുടരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. യുവമോർച്ച നേതാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് കടുത്ത വിമർശനമുയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ബെല്ലാരെയിൽ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേർക്ക് തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നാണ് സൂചന. കൊലപാതകം പാർട്ടിക്കുള്ളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

തങ്ങളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെന്ന് പ്രഖ്യാപിച്ച് യുവനേതാക്കൾ കൂട്ടരാജിഭീഷണി മുഴക്കി. ഒരു വർഷം പൂർത്തിയാക്കിയ ബൊമ്മൈ സർക്കാർ ഹിന്ദു സംഘടനാ പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുന്നില്ലെന്ന് ആരോപണമുയർന്നു. ഉത്തർപ്രദേശിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ യോഗി ആദിത്യനാഥാണ് മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്ഥാനം കൈകാര്യം ചെയ്യാൻ യോഗ്യൻ. കർണാടകയിൽ, വർഗീയ ശക്തികളെ നേരിടാൻ ഞങ്ങൾ വ്യത്യസ്ത രീതിയാണ് സ്വീകരിക്കുന്നത്. സാഹചര്യം ഉണ്ടായാൽ, യോഗി മാതൃക ഇവിടെയും നടപ്പിലാക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

കുറ്റവാളികൾക്ക് കനത്ത പിഴയും അവരുടെ അനധികൃത സ്വത്തുക്കൾക്ക് ബുൾഡോസർ ഉപയോഗിച്ച് തകർത്തുമാണ് യോ​ഗി മോഡൽ ചർച്ചയായത്. കുറ്റവാളികൾക്കെതിരെ ഞങ്ങൾ കർശന നടപടിയെടുക്കും. അവരെ പിന്തുണയ്ക്കുന്ന സംഘടനകയും വെറുതെവിടില്ലെന്ന്  ബൊമ്മൈ കൂട്ടിച്ചേർത്തു. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തുന്നത് പരി​ഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൊല്ലപ്പെട്ട പ്രവീണിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപയും ബിജെപി നിന്ന് 25 ലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിൽ ഞങ്ങൾക്ക് രോഷമുണ്ട്. ശിവമോഗയിൽ ഹർഷയുടെ (ബജറംഗ്ദൾ പ്രവർത്തകർ) കൊലപാതകത്തിന് ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ മറ്റൊരു കൊലപാതകവും നടന്നു. സമാധാനം തകർക്കാനും വിദ്വേഷം വിതയ്ക്കാനുമുള്ള ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയാണ് കൊലപാതകമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളെയും വ്യക്തികളെയും പൂർണമായും ഇല്ലാതാക്കാൻസംസ്ഥാനത്ത് പ്രത്യേക പരിശീലനം ലഭിച്ച ഒരു കമാൻഡോ സേനയെ രൂപീകരിക്കാൻ തീരുമാനിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here