‘ആയിരമല്ല, 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈന്‍ വഴി മാത്രം’, പുതിയ ഉത്തരവുമായി കെഎസ്ഇബി

0
235

തിരുവനന്തപുരം:  ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ഡിജിറ്റൽ ഷോക്ക്. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ല. സമ്പൂര്‍ണ്ണ ‍ഡിജിറ്റൽ വത്കരണത്തിന്‍റെ ഭാഗമായ ഉത്തരവ് അടുത്ത ബിൽ മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ പണവുമായി നേരിട്ട് വരുന്നവ‍‍ർക്ക് മൂന്ന് തവണ ഇളവ് നൽകുമെന്ന് പുതുക്കിയ ഉത്തരവിൽ ഡിസ്ട്രിബ്യൂഷൻ ഡയറക്ട‍ർ വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പ് 1000 രൂപയ്ക്ക് മുകളിലുള്ള ബില്‍ പിരിവ്  നിർബന്ധമായി ഡിജിറ്റലാക്കാനും 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ കൗണ്ടറുകളിൽ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്താനും നി‍ർദ്ദേശിച്ചിരുന്നു. എന്നാൽ പണവുമായി എത്തുന്നവർക്ക് കുറച്ച് തവണ ഇളവ് നൽകാമെന്നും പറഞ്ഞിരുന്നു. പിന്നാലെ ഈ ഇളവ് രണ്ട് – മൂന്ന് തവണ മാത്രമെന്ന് വ്യക്തമാക്കിക്കൊണ്ട്  ഇറക്കിയ പുതിയ ഉത്തരവിലാണ് 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ എന്നത് 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളെന്ന് മാറ്റിയത്.

നിലവിലെ ഉപഭോക്താക്കളിൽ ഏതാണ്ട് പാതിയും ഡിജിറ്റലായാണ് പണമടയ്ക്കുന്നത് കെഎസ്ഇബി പറയുന്നു. പണം പിരിവ് പൂർണമായും ‍‍ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേ‍ർന്ന ബോ‍ർഡ് യോഗം നിർദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊ‍‍ർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ നി‍ർദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.

പ്രീപെയ്ഡ് കണക്ഷനുകൾ വരുന്നതിന് മുന്നോടിയായാണ് തിടുക്കപ്പെട്ടുള്ള നീക്കമെന്നും സൂചനയുണ്ട്. ഒരു കോടി മുപ്പത് ലക്ഷത്തോളം ഉപഭോക്താക്കളുള്ള കെഎസ്ഇബിയിൽ 90 ലക്ഷവും 500 രൂപയ്ക്ക് മുകളിൽ ബില്ലടയ്ക്കുന്നവരാണ്. പണമടയ്ക്കാൻ വൈകുന്നവരുടെ വൈദ്യതി ബന്ധം ഉടനടി വിച്ഛേദിക്കാറുള്ള കെഎസ്ഇബി, ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനങ്ങളുടെ സാങ്കേതിക പിഴവുകൾ മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും എന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here