ഡൽഹി: രാജ്യത്തെ ആഭ്യന്തര ടൂർണമെന്റുകളുടെ പ്രൈസ് മണി വർധിപ്പിക്കാനൊരുങ്ങി ബിസിസിഐ. രഞ്ജി ട്രോഫി ജേതാക്കൾക്ക് രണ്ട് കോടി രൂപ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണത്തിനായി ബിസിസിഐക്ക് ലഭിച്ചത് 48,390 കോടി രൂപയാണ്. ഇതേ തുടർന്നാണ് ആഭ്യന്തര ടൂർണമെന്റുകളുടെ സമ്മാനത്തുക വർധിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചത്.
ലിസ്റ്റ് എ ടൂർണമെന്റായ ദിയോധർ ട്രോഫി ആഭ്യന്തര മത്സരങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ബിസിസിഐ യോഗത്തിൽ തീരുമാനിച്ചു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം രാജ്യത്തെ ആഭ്യന്തര ടൂർണമെന്റുകളിൽ പലതും തടസപ്പെട്ടിരുന്നു. എന്നാൽ, പുതിയ സീസണിൽ ദുലീപ് ട്രോഫിയും ഇറാനി കപ്പും അടക്കം എല്ലാ ആഭ്യന്തര ടൂർണമെന്റുകളും നടത്താൻ തീരുമാനമായിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ ഡിആർഎസ് ഏർപ്പെടുത്താനും ബിസിസിഐ തീരുമാനിച്ചു.
അതേസമയം, ഇക്കൊല്ലത്തെ ഏഷ്യാ കപ്പ് യുഎഇയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക.