സൂറത്ത്കൽ കൊലപാതക പരമ്പരയ്ക്ക് പിന്നാലെ വടക്കൻ കേരളത്തിലും കനത്ത ജാഗ്രത, മൂന്ന് ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു

0
270

മംഗളൂരു: മംഗളൂരുവിലെ സൂറത്കലിൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ വടക്കൻ കേരളത്തിൽ കടുത്ത ജാഗ്രതാ നിർദേശം. കൂടുതൽ പൊലീസിനെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ വിന്ന്യസിച്ചു. അതിർത്തി മേഖലകളിൽ കർശന പരിശോധന നടക്കുകയാണ്. മംഗളൂരുവിൽ തുണിക്കട നടത്തുന്ന  സൂറത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് ഇന്നലെ കൊല്ലപ്പെട്ടത്. കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ വാഹനത്തിൽ രക്ഷപ്പെട്ടുവെന്നാണ് വിവരം. അക്രമികൾ എത്തിയ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഫാസിലിനെ വാഹനത്തിലെത്തി കൊലപ്പെടുത്തിയ നാലംഗ സംഘത്തെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രതികളെത്തിയ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാണെന്നും എന്നാൽ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരോട് മംഗ്ലൂരുവിൽ ക്യാമ്പ് ചെയ്യാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് വെട്ടേറ്റ് മരിച്ച യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകത്തിലും അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പോപ്പുല‌ർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കർണാടകത്തിലെ ഹസൻ സ്വദേശിയാണ് സാക്കിർ. സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്‍പി പറ‍ഞ്ഞു. പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികൾ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേരള രജിസ്ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയിലുള്ളത്. ഈ കേസിൽ അന്വേഷണം കേരളത്തിലേക്കും നീങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here