മംഗളൂരു: കര്‍ണാടകയിലെ സൂറത്കല്ലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മംഗളൂരു സ്വദേശിയായ അജിത്ത് ഡിസോസയാണ് പിടിയിലായത്. കൊലപാതക സംഘവുമായെത്തിയ കാര്‍ ഓടിച്ചിരുന്നത് അജിത്ത് ആണെന്ന് പൊലീസ് പറയുന്നു.
പൂത്തൂരു സൂറത്കല്‍ മംഗലപ്പട്ട സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമായിരുന്നു യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തു വന്നിരുന്നു.
ഫാസില്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് യുവമോര്‍ച്ച നേതാവിനെ ചിലര്‍ കൊലപ്പെടുത്തിയിരുന്നു. ഫാസിലിന്റെ കൊലപാതകത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികള്‍ കേരള അതിര്‍ത്തിക്ക് സമീപമുള്ള ബെള്ളാരിയില്‍ നിന്നാണ് പൊലീസിന്റെ പിടിയിലായത്.
29 കാരനായ സാക്കീര്‍, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പ്രധാന ആസൂത്രണം നടത്തിയതെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം യുവമോര്‍ച്ച പ്രവര്‍ത്തകനായ പ്രവീണ്‍ നെട്ടാറിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. പ്രവീണ്‍ കൊലപ്പെടുന്നതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മസൂദ് എന്ന 19 കാരന്‍ മംഗളൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണോ കൊലപാതകമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.