ലുലു മാളിലെ നമസ്‌കാരം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

0
143

ലഖ്‌നൗ: ലുലു മാളില്‍ അനധികൃതമായി നമസ്‌കരിച്ചവര്‍ക്കെതിരായ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ സംഭവത്തില്‍ അറസ്റ്റ് ചെയ്തവരുടെ ആകെ എണ്ണം ഏഴായി.

ഉത്തര്‍പ്രദേശിലെ സദത്ഗഞ്ചിലുള്ള രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹിന്ദുക്കളായ ഏതാനും പേര്‍ ചേര്‍ന്ന് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ വേണ്ടിയാണ് നമസ്‌കാരം നടത്തിയതെന്ന വസ്തുതകള്‍ നിലനില്‍ക്കെയാണ് കേസില്‍ പൊലീസ് തുടര്‍ച്ചയായി അറസ്റ്റുകള്‍ രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം പൊലീസ് മുഹമ്മദ് ആദില്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുവന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായി അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോ എന്ന കാര്യ പൊലീസ് വ്യക്തമാക്കേണ്ടതുണ്ടെന്നാണ് പലയിടത്തുനിന്നും ചര്‍ച്ചകള്‍ ഉയരുന്നത്.

ഇതിന് പിന്നാലെ മാള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മാളില്‍ പ്രവേശിക്കുന്നതിനിടെ മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതിന് 15പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം മാള്‍ അധികൃതര്‍ പൊലീസിന് നല്‍കിയ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവം ആസൂത്രിതമാണോ എന്ന ആശങ്കകളും ഉയര്‍ന്നിരുന്നു. എട്ടാളുകള്‍ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മാളില്‍ പ്രവേശിച്ചവര്‍ മാള്‍ സന്ദര്‍ശിക്കുന്നതിനോ ഷോറൂമിലേക്ക് പ്രവേശിക്കാനോ ശ്രമിക്കുന്നില്ല.

തിരക്കിട്ടുവരുന്ന ഇവര്‍ അകത്തുകയറിയ ഉടന്‍ നമസ്‌കരിക്കാന്‍ ഇടം തേടുകയാണ് ചെയ്യുന്നത്. സംഘം ആദ്യം ബേസ്‌മെന്റില്‍ നമസ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയും നമസ്‌കരിക്കുകയായിരുന്നു.

ഈ ആളുകള്‍ തിടുക്കത്തില്‍ 18 സെക്കന്‍ഡില്‍ നമസ്‌കാരം പൂര്‍ത്തിയാക്കുന്നതും ദൃശ്യങ്ങളിലുണ്ട്(സാധാരണ ഒരു നേരത്തെ നമസ്‌കാരം പൂര്‍ത്തിയാകാന്‍ അഞ്ച് മുതല്‍ ഏഴ് മിനിട്ടുവരെ സമയം എടുക്കും). ഇവര്‍ ശരിയായ ദിശയിലല്ല നമസ്‌കരിച്ചതെന്നും വിഡിയോയില്‍ നിന്ന് വ്യക്തമാക്കുന്നു(കഅ്ബയ്ക്ക് നേരെ തിരിഞ്ഞാണ് മുസ്ലിങ്ങള്‍ നമസ്‌കരിക്കുക, ഇവര്‍ വിപരീത ദിശയിലാണ് നമസ്‌കരിച്ചിരിക്കുന്നത്).

 

LEAVE A REPLY

Please enter your comment!
Please enter your name here