‘ലുലു മാളിന്റെ ഉടമ ആര്‍എസ്എസിന്റെ ഫണ്ടര്‍, അദ്ദേഹത്തിന് സംസ്ഥാനത്ത് വര്‍ഗീയ ലഹള ഉണ്ടാക്കണം’; ആരോപണവുമായി അസം ഖാന്‍

0
363

മൊറാദാബാദ്: ലഖ്‌നൗവിലെ ലുലു മാള്‍ ഉടമയ്‌ക്കെതിരെ എസ്പി നേതാവ് അസം ഖാന്‍ നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ലുലു മാള്‍ ഉടമയ്ക്ക് ആര്‍എസ്എസുമായി നേരിട്ടുള്ള ബന്ധമാണ്. മാളില്‍ നമസ്‌കാരം നടത്താന്‍ അദ്ദേഹമാണ് നിര്‍ദേശം നല്‍കിയതെന്നുമാണ് അസം ഖാന്‍ വ്യാഴാഴ്ച പറഞ്ഞത്. ഇതാണ് ചര്‍ച്ചയായത്.

‘ലുലു മാളിന്റെ ഉടമ ആര്‍എസ്എസിന് വേണ്ടി ഫണ്ട് ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് സംസ്ഥാനത്ത് വര്‍ഗീയ ലഹള ഉണ്ടാക്കണം’, മൊറാദാബാദില്‍ കോടതിയിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെയും ലുലു മാളുമായി ബന്ധപ്പെട്ട് അസം ഖാന്‍ പ്രതികരിച്ചിരുന്നു. മാളിനകത്തെ നമസ്‌കാരം വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”ഞാനിത് വരെ ലുലുവോ ലോലുവോ കണ്ടില്ല. ഞാനിത് വരെ ഒരു മാളിലും പോയിട്ടില്ല. എന്താണ് ഈ ലുലു, ലോലോ, ടോലു, ടോലോ?. നിങ്ങള്‍ക്ക് ശ്രദ്ധിക്കാന്‍ മറ്റ് വിഷയങ്ങളൊന്നും കിട്ടിയില്ലേ?”, എന്നാണ് അസം ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ജൂലൈ 10നാണ് മാള്‍ ഉദ്ഘാടനം ചെയ്തത്. അതിന് പിന്നാലെ മാളിനുള്ളില്‍ ഒരു കൂട്ടം ആളുകള്‍ നമസ്‌കാരം നടത്തുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് അഖില ഭാരത ഹിന്ദു മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവിധ മത വിഭാഗങ്ങള്‍ക്കിതയില്‍ ശത്രുത വളര്‍ത്തിയതിനും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചതിനും കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ‘മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ല’ എന്ന് കാണിച്ച് മാള്‍ അധികൃതര്‍ മാളിന്റെ വിവിധയിടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ലഖ്നൗവിലെ ലുലു മാള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here