മൺസൂൺ പാത്തി തെക്കോട്ടു മാറി സജീവമായി; കേരളത്തിൽ 5 നാൾ ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത

0
186

തിരുവനന്തപുരം: കേരളത്തിൽ  അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 6 മുതൽ 9 വരെ ശക്തമായ  മഴക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും  അറിയിപ്പിൽ പറയുന്നു. അറബികടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് മഴ ശക്തമാകാനുള്ള പ്രധാന കാരണം. മൺസൂൺ പാത്തി അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായതും പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യുന മർദ്ദം നിലനിൽക്കുന്നതും ഗുജറാത്ത്‌ തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നതും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതും കാരണമാണ് അറബികടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നത്.

അതേസമയം നേരത്തെ പുറപ്പെടുവിച്ച പ്രകാരം 12 ജില്ലകളിൽ ഇന്ന് ജാഗ്രത നിർദ്ദേശം തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം. ഇതിൽ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഇന്ന് വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ കിട്ടിയേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.

മധ്യപ്രദേശിന്  മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിൽ നിന്നുള്ള കാലവര്‍ഷ കാറ്റും ശക്തമായതുമാണ് മഴ കനക്കാൻ കാരണം. ശക്തമായ, ഉയർന്ന തിരമലകൾക്ക് സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണം. മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദ്ദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 05-07-2022 മുതൽ 09-07-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 05-07-2022 മുതൽ 09-07-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

05-07-2022 മുതൽ 06-07-2022 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള തെക്ക് തമിഴ്‌നാട് തീരത്തും  അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാ തീരം, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
05 -07-2022  മുതൽ 09-07-2022 വരെ:  തെക്ക് കിഴക്കൻ  അറബിക്കടൽ  അതിനോട് ചേർന്നുള്ള  മധ്യ കിഴക്കൻ അറബിക്കടൽ   എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ)  06-07-2022 രാത്രി 11.30 വരെ 3.5 മുതൽ 4.1 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here