ഇന്ധനക്ഷമതിയൽ പുതിയ തിലകക്കുറിയുമായി മാരുതി സുസുകി ഏറ്റവും പുതിയ എസ്.യു.വി ഗ്രാൻഡ് വിറ്റാര അവതരിപ്പിച്ചു. ടൊയോട്ടയുടെ മധ്യനിര എസ്.യു.വി അർബൻ ക്രൂസർ ഹൈറൈഡറിന്റെ മാരുതി പതിപ്പാണിത്. എസ് ക്രോസിന് പകരക്കാരനായാണ് പുതിയ വാഹനം നിരത്തിലെത്തുന്നത്. മാരുതിയുടെ നെക്‌സ ഡീലർഷിപ്പുകൾ വഴിയാണ് വാഹനം വിൽക്കുക. മൈൽഡ് ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 11000 രൂപ നൽകി നെക്സ ഡീസൽഷിപ് വഴിയോ ഓൺലൈനായോ പുതിയ എസ്.യു.വി ബുക്ക് ചെയ്യാം.
കമ്പനിയുടെ ഇലക്ട്രിക് യുഗത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പുകൂടിയാണ് ഗ്രാൻഡ് വിറ്റാര. വാഹനത്തിന് ഒരു ഇ.വി മോഡും നൽകിയിട്ടുണ്ട്. സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജെന്റ് ഹൈബ്രിഡ് ടെക്നോളജിയാണ് മാരുതി പുതിയ മോഡലിൽ അവതരിപ്പിക്കുന്നത്. 27.97 കീമീ മൈലേജ് അവകാശപ്പെടുന്ന 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനൊപ്പം 21.11 കീമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് കരുതപ്പെടുന്ന 1.5 ലീറ്റർ നെക്സ്റ്റ് ജെൻ കെ–സീരീസ് എൻജിനിലും വാഹനം എത്തുന്നുണ്ട്.